പാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്‌സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപം

നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപം

Update: 2025-05-02 13:43 GMT

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാരുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി സൂരജ് (40) എറണാകുളം കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി തോമസ് (38) എന്നിവരാണ് മരിച്ചത്.

ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളില്‍ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.

അതിനുശേഷം സൂരജ് സ്വയം കുത്തി മരിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആരെയെങ്കിലും വിളിക്കാന്‍ ശ്രമിച്ചിരുന്നോ എന്നറിയാന്‍ പോലീസ് സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്.

വിവാഹം ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം

ദീര്‍ഘകാല പ്രണയം സഫലമാക്കിയാണ് സൂരജും ബിന്‍സിയും വിവാഹിതരായത്. സൂരജിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള വീട്ടിലെ യുവതിയായിരുന്നു ബിന്‍സി. നഴ്‌സിംഗ് പഠന ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സി സൂരജിനെ പരിചയപ്പെട്ടത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സൂരജിനെ തന്റെ ശമ്പളം കൊണ്ട് ബിന്‍സി ബി എസ് സി നഴ്‌സിംഗ് പഠിപ്പിക്കുകയായിരുന്നു. വിദേശത്ത് പോകുമ്പോള്‍ സൂരജിനെയും ഒപ്പം കൂട്ടാനായിരുന്നു ഇത്. അതിനിടെ ബിന്‍സിക്ക് കുവൈറ്റില്‍ ഡിഫെന്‍സില്‍ സ്റ്റാഫ് നഴ്‌സായി ജോലി ലഭിച്ചു. തുടര്‍ന്ന് ബി എസ് സി നഴ്‌സിംഗ് പാസ്സായ സൂരജിനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു വിവാഹം കഴിക്കുകയും കുവൈറ്റിലേക്ക് തന്റെ ഒപ്പം കൂട്ടുകയുമായിരുന്നു.

സൂരജിന്റെ ക്ഷിപ്രകോപം കല്ലുകടിയായി

ദമ്പതികളുടെ ജീവിതത്തില്‍ കല്ലുകടിയായത് സൂരജിന്റെ ക്ഷിപ്രകോപമായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരന്‍. ദേഷ്യം വന്നാല്‍ എന്തും ചെയ്യുന്ന അപകടകാരി. സൂരജ് സംശയരോഗി ആയിരുന്നുവെന്നും സൂചനയുണ്ട്. ജീവിതം കൂടുതല്‍ പച്ച പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിന്‍സി ഓസ്ട്രേലിയയ്ക്ക് പോകാന്‍ തയ്യാറെടുത്തത്. അഞ്ചാമത്തെ വട്ടം പരീക്ഷ എഴുതി പാസായതോടെ രണ്ട് കുഞ്ഞുങ്ങളെയും നാട്ടില്‍ വിട്ടു.

അതിനിടെ ബിന്‍സിയെ കൊല്ലാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ബിന്‍സിയുടെ കൂട്ടുകാരികളെ ഫോണില്‍ വിളിച്ചു 'അവളെ ഞാന്‍ കൊല്ലും' എന്നു പറഞ്ഞിരുന്നു. പാലൂട്ടി വളര്‍ത്തിയ കൈകളില്‍ തന്നെ കടിച്ചു കൊന്നു എന്നാണ് ഇരുവരുടെയും കൂട്ടുകാര്‍ പറയുന്നത്. ഇരുവരും മരിച്ചതോടെ രണ്ട് കുഞ്ഞുങ്ങളും അനാഥരായി.

ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോഴാണ് രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കിയത്. നാല് ദിവസം മുമ്പ് മടങ്ങിയത് ഓസ്ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം തയ്യാറാക്കിയായിരുന്നു. ഇരുവരും കുവൈറ്റിലെ വിവിധ സാംസ്‌കാരിക സംഘടനകളില്‍ വളരെ സജീവ സാന്നിധ്യമായിരുന്നു.

കുവൈറ്റില്‍ ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ഭദ്രത ഉള്ളതായിരുന്നു ഇവരുടെ കുടുംബം. ഈ നിലയിലേക്ക് കുടുംബം എത്തിയത് ബിന്‍സിയുടെ കഠിനാദ്ധ്വാനഫലമായിരുന്നു. എന്നാല്‍, സൂരജിന്റെ സംശയരോഗം എല്ലാം തകര്‍ത്തു.

'രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകള്‍ നീക്കുകയും ചെയ്തു. ഓസ്ട്രേലിയയിലേക്ക് മാറാനുള്ളതു കൊണ്ടാണ് കുട്ടികളെ കൂടെ കൊണ്ടു പോകാത്തത്. അന്ന് സുരജിന്റെ അമ്മയും വിളിച്ചിരുന്നു. ബിന്‍സിയോട് സംസാരിക്കണമെന്നും സൂരജിനോട് പറഞ്ഞു. ബിന്‍സി പുറത്താണെന്നായിരുന്നു പറഞ്ഞത്. ബിന്‍സിയുടെ നെഞ്ചിലും സൂരജിന്റെ കഴുത്തിലും കുത്തേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരേയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തോളമായി ഇവര്‍ കുവൈറ്റിലാണ്. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം. '12 വര്‍ഷത്തോളമായി കുവൈറ്റിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി അവധിയില്ലാത്തത് കാരണം കുവൈറ്റിലേക്ക് പോയത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്‌നേഹത്തിലായിരുന്നു അവരിരുവരും. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവില്‍ പോയി മെഡിക്കല്‍ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല' സൂരജിന്റെ ബന്ധു പറയുന്നു. ഇവര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. കുട്ടികള്‍ ബിന്‍സിയുടെ വീട്ടിലാണ്.

സൂരജ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സാണ്. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്ളാറ്റിലെത്തിയത്. അതിന് ശേഷമാണ് ദാരുണ സംഭവങ്ങളുണ്ടായത്.

വെള്ളിയാഴ്ച കുവൈറ്റില്‍ പൊതു അവധിയായതിനാല്‍ ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് സൂചന. മൃതദേഹങ്ങള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തിലെത്തിയേക്കാം. സൂരജിന്റെ മൂത്ത സഹോദരി സുനിതയും കുവൈറ്റില്‍ നഴ്‌സാണ്. ഇളയ സഹോദരി സുമി ബെംഗളൂരുവില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നുണ്ട്.

Tags:    

Similar News