സഹപാഠികളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ബുക്കില്‍ കുറിച്ചു വെച്ചു; 'ഐ ക്വിറ്റ്' എന്നും ബുക്കിലെഴുതി വെച്ച് അമ്മു; മരണത്തിലേക്ക് നയിച്ചത് സഹപാഠികള്‍ക്കിടയില്‍ നടന്ന പ്രശ്നങ്ങള്‍ തന്നെയെന്ന് പോലിസ്: അന്വേഷണത്തില്‍ തൃപ്തിയെന്ന് കുടുംബം

സഹപാഠികളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ബുക്കില്‍ കുറിച്ചു വെച്ചു; 'ഐ ക്വിറ്റ്' എന്നും ബുക്കിലെഴുതി വെച്ച് അമ്മു

Update: 2024-11-23 03:45 GMT

പത്തനംതിട്ട: ചുട്ടിപ്പാറയിലെ നഴ്സിങ് വിദ്യാര്‍ഥി അമ്മു എ.സജീവിന്റെ മരണത്തിലേക്ക് നയിച്ചത് സഹപാഠികള്‍ക്കിടയില്‍ നടന്ന പ്രശ്നങ്ങള്‍ തന്നെയെന്ന നിഗമനത്തിലുറച്ച്് പോലീസ്. മരണം സംഭവിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അമ്മുവിനെ മാനസികമായി പ്രയാസപ്പെടുത്തിയ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞു. അമ്മുവിനെ സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ചു എന്നതിന് തെളിവുകള്‍ കിട്ടിയതോടെയാണ് മൂന്ന് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങിയത്.

താന്‍ നേരിട്ട പ്രയാസങ്ങള്‍ അമ്മു സജീവ് ഡയറിയില്‍ കുറിച്ചിരുന്നു. 'ഐ ക്വിറ്റ്' (ഞാന്‍ വിടവാങ്ങുന്നു) എന്ന വാചകം ഉള്‍പ്പെടെ നോട്ട് ബുക്കില്‍ നിന്നു കണ്ടെത്തി. വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ സഹപാഠികള്‍ മൂലമുണ്ടായതാകാം കാരണമെന്നാണ് പൊലീസ് വിലയിരുത്തല്‍. ശാസ്ത്രീയ അന്വേഷ സംഘം നടത്തിയ തെളിവെടുപ്പിലാണ് അമ്മുവിന്റെ ബുക്കുകളും മറ്റും പരിശോധിച്ചതും സഹപാഠികള്‍ക്കെതിരെ തെളിവ് ലഭിച്ചതും. ബുക്കില്‍ പോലീസ് പിടിയിലായ സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടര്‍ന്നാല്‍ നിയമനടപടികള്‍ക്ക് നിര്‍ബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി. 'ഐ ക്വിറ്റ്' എന്ന് ബുക്കില്‍ അമ്മു കുറിച്ചതായും കണ്ടെത്തി. ഇതൊടെയാണ് മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സംഘമാണ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചത്. ഹോസ്റ്റലിലെ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധനയ്ക്ക് എടുത്തു. അമ്മുവിന്റെ മുറിയില്‍നിന്നും നോട്ട് ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെടുത്തു. നവംബര്‍ 15-ന് രാത്രിയാണ് അമ്മുവിന്റെ മരണം. അതിനും ഒരാഴ്ചമുമ്പ് തന്നെ, സഹപാഠികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് സജീവ്, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു.

അതില്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള അമ്മുവിന് സഹപാഠികളായ മൂന്നു വിദ്യാര്‍ഥികളില്‍നിന്നേറ്റ മാനസിക പീഡനം വിവരിക്കുന്നുണ്ട്. ആരോപണവിധേയരായ വിദ്യാര്‍ഥികളോട് വിശദീകരണം തേടുകയും മെമ്മോ നല്‍കുകയും ചെയ്തിരുന്നു. രോഗികളുടെ വിവരങ്ങള്‍ കുറിക്കുന്ന ലോഗ് ബുക്ക് കാണാതായതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. ഈ ബുക്ക് ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നു. സഹപാഠികളിലൊരാളുടെ ബുക്ക് അമ്മു എടുത്തെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പോലീസ് കോടതിയില്‍ വാദിച്ചു. അമ്മുവിനെ ടൂര്‍ കോഡിനേറ്റര്‍ ആക്കിയതും സഹപാഠികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്കിടയാക്കി.

പ്രതികള്‍ക്കെതിരേ അമ്മുവിന്റെ പിതാവ് കോളേജ് പ്രിന്‍സിപ്പലിന് അയച്ച പരാതിയും, കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയര്‍ക്ക് ലഭിച്ച മെമ്മോയും, അവയ്ക്ക് അവര്‍ നല്‍കിയ മറുപടികളും, കോളേജ് അധികൃതര്‍ക്ക് അമ്മു ഒപ്പിട്ടുനല്‍കിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസികപീഡനവും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതും അമ്മു അതില്‍ പറയുന്നുണ്ട്.

സഹപാഠികളുടെ മാനസികപീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മൂവരെയും പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യക്കുള്ള കാരണമാകുംവിധം മാനസികപീഡനമുണ്ടായി എന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍, എസ്.ഐ.മാരായ ജിനു, ഷെമിമോള്‍, ഷിബു, എ.എസ്.ഐ.മാരായ രാജീവ്, രമേശന്‍ പിള്ള, ഹാഷിം അഷര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

അന്വേഷണത്തില്‍ തൃപ്തിയെന്ന് കുടുംബം

അമ്മുവിന്റെ മരണത്തില്‍ പൊലീസിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അന്വേഷണം തൃപ്തികരമെന്ന് രക്ഷിതാക്കള്‍. അമ്മുവിനു ഹോസ്റ്റലില്‍ വച്ച് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ഒപ്പമുണ്ടായിരുന്ന കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അമ്മുവിന്റെ സഹോദരന്‍ അഖില്‍ പറഞ്ഞു. കൂടാതെ ഹോസ്റ്റല്‍ വാര്‍ഡന്‍ സുധാമണി തുടക്കം മുതല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്.

ഹോസ്റ്റലില്‍ വച്ച് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നു പറയുന്ന വാര്‍ഡന്‍ പിന്നെന്തിനാണ് രണ്ടാം നിലയിലെ മുറി മാറ്റി അമ്മുവിന് താഴത്തെ നിലയിലെ മുറി നല്‍കിയത്. ഇത് ആരെ രക്ഷപ്പെടുത്താനാണെന്ന് അറിയേണ്ടതുണ്ടെന്നും അഖില്‍ ആവര്‍ത്തിച്ചു. അമ്മു വീണെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്ത് മെറ്റലും ചെളിവെള്ളവും ഉണ്ടായിരുന്നു. പക്ഷേ അമ്മുവിന്റെ ശരീരത്തില്‍ മെറ്റലില്‍ വീണ പാടുകളുമില്ല, വസ്ത്രത്തില്‍ ചെളി പുരണ്ടിട്ടുമില്ല.

അമ്മുചാടിയെന്നു പറയുന്ന കെട്ടിടത്തിനു മുകളില്‍ കൈവരിയും അതോടൊപ്പം ഷീറ്റ് ചരിച്ചു വച്ച മേല്‍ക്കൂരയുമാണ്. അവിടെ കയറി നിന്നു ചാടാന്‍ കഴിയില്ല. അതിലൂടെ ഊര്‍ന്നിറങ്ങി ചാടിയാലും സണ്‍ഷേഡില്‍ തട്ടിയേ താഴെ വീഴൂ. അത്തരം പരുക്കുകളും അമ്മുവിന്റെ ശീരത്തിലുണ്ടായിട്ടില്ല. അവിടെ സിസിടിവി ക്യമറയും ഉണ്ട്. ഹോസ്റ്റലിനുള്ളില്‍ വച്ചാണോ സംഭവം നടന്നതെന്ന സംശയമുണ്ട്. പിടിവലിക്കിടയ്ക്കാകാം യൂണിഫോമിന്റെ മുന്‍വശം കീറിയിട്ടുണ്ടാകുക. അതിനാല്‍ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും അഖില്‍ പറഞ്ഞു.

Tags:    

Similar News