'ഓണം ഹിന്ദുക്കളുടേത്, നമ്മളോ മക്കളോ പങ്കെടുക്കരുത്, ശിര്‍ക്കാണ്, പ്രോത്സാഹിപ്പിക്കരുത്...'; ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച് അധ്യാപിക; മതസ്പര്‍ദ്ദ വളര്‍ത്തിയതിന് കേസെടുത്തു പോലീസ്; സ്‌കൂളിന്റെ നിലപാടല്ലെന്ന് കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂള്‍

'ഓണം ഹിന്ദുക്കളുടേത്, നമ്മളോ മക്കളോ പങ്കെടുക്കരുത്, ശിര്‍ക്കാണ്, പ്രോത്സാഹിപ്പിക്കരുത്...'

Update: 2025-08-27 05:34 GMT

തൃശൂര്‍: ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച അധ്യാപികക്കെതിരെ കേസേടുത്തു. തൃശൂര്‍ കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികക്കെതിരെയാണ് കുന്നംകുളം പൊലീസാണ് കേസെടുത്തത്. ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നുമായിരുന്നു രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

'ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണല്ലോ. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരു തരത്തിലും പങ്കുകൊള്ളാന്‍ പാടില്ല. സെലിബ്രേഷനില്‍ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തില്‍ നമ്മള്‍ കടമെടുക്കലുണ്ടെങ്കില്‍ അത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം...' -പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

ഇന്നലെയാണ് ഓഡിയോ സന്ദേശം അയച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സാമുദായിക സ്പര്‍ധ വളര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ, ഓണാഘോഷ പരിപാടികളില്‍ മുസ്ലിം കുട്ടികള്‍ പങ്കെടുക്കുന്നത് ശിര്‍ക്കാണെന്ന് വാടസ്ആപ്പില്‍ സന്ദേശമയച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.

വിവിധ മതവിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ആഘോഷത്തില്‍ കൂടിയാല്‍ ഉണ്ടാകുന്ന ഗൗരവം കുട്ടികള്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ കുട്ടികളെ രക്ഷിതാക്കള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. മറ്റൊരധ്യാപികയുടെ ഇത്തരം ഒരു ശബ്ദ സന്ദേശം രക്ഷിതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. അതില്‍ കഴിഞ്ഞവര്‍ഷം ഓണം വിപുലമായി ആഘോഷിച്ചു എന്നും എന്നാല്‍ ഈ വര്‍ഷം ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഓണം ആഘോഷിച്ചാല്‍ മതിയെന്നാണ് മാനേജ്മെന്റ് തീരുമാനമെന്നാണ് പറയുന്നത്.

കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാന്‍ കെ ജി വിഭാഗം കുട്ടികള്‍ക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ട്. ഓണാഘോഷത്തില്‍ ആരാധന വരുന്നുണ്ട്. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിലാണെന്നും സന്ദേശത്തില്‍ പറയുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. എന്നാല്‍ ടീച്ചര്‍മാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു. നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

Tags:    

Similar News