ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കാം; കമ്പനിയിലെ ബിസിനസ് അന്താരാഷ്ട്ര തലത്തിലുള്ളതെന്ന് ആളുകളെ വിശ്വസിപ്പിച്ചു; ശേഷം ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്നു; തിരികെയെത്തിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Update: 2024-11-13 05:28 GMT

സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിയ നടത്തിയ കേസില്‍ പ്രതിയെ പോലീസ് പ്രതിയെ പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങളാണ് പ്രതി തട്ടിയത്. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെ (46) ആണ് പോലീസ് പിടികൂടിയത്.

വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു വരവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ബത്തേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഞായാറാഴ്ച രാത്രിയാണ് പ്രതി പോലീസിന്റെ പിടിയിലായത്. നൂൽപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

2022 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നൂല്‍പ്പുഴ സ്വദേശി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ആസിഫ് വിദേശത്തേക്ക് സ്ഥലം വിട്ടു. തുടർന്ന് ആസിഫിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനുകളിലും സമാന കേസുണ്ട്.

'മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സര്‍വീസസ്, ഇന്റര്‍നാഷണല്‍ എല്‍.എല്‍.പി' എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. 2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലില്‍ യോഗം വിളിച്ചായിരുന്നു പ്രതി നിക്ഷേപകരെ മണി സ്കീമിലേക്ക് ആകർഷിച്ചത്. കമ്പനിയിൽ തുടങ്ങാൻ പോകുന്ന ഓണ്‍ലൈന്‍ ബിസിനസ് അന്താരാഷ്ട്ര തലത്തിലുള്ളതാണെന്ന് വിശ്വസിപ്പിച്ച് നിക്ഷേപങ്ങള്‍ നേടിയെടുക്കുകയായിരുന്നു.

പരാതിക്കാരനില്‍ നിന്ന് 55,000 രൂപയാണ് ഇയാൾ കവര്‍ന്നത്. സമാനമായി 29 പേരില്‍ നിന്നായി 53,20,000 രൂപ നേടിയെടുത്ത ശേഷം ലാഭമോ, അടച്ച തുകയോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഈ കമ്പനിയുടെ പേരില്‍ വൻ തട്ടിപ്പാണ് പ്രതി നടത്തിയത്. പണം ശേഖരിക്കുന്നതിനായി ജില്ലകള്‍ തോറും പ്രമോട്ടര്‍മാരെ നിയമിച്ചിരുന്നു. തുടർന്ന് പല ജില്ലകളിൽ നിന്നായി നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതായിൻ പോലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കാസര്‍ഗോഡ്, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ സമാന സ്വഭാവമുള്ള കേസുകളുണ്ട്. ഈ കേസില്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരും ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരുമുള്‍പ്പെടെ ഒമ്പത് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News