ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് നാലരലക്ഷത്തോളം രൂപ; 2.28 ലക്ഷംരൂപ നഷ്ടമായത് ബാങ്ക് മാനേജരുടെ മുന്നിലിരുന്നപ്പോള്‍; പണം പോയത് പശ്ചിമ ബംഗാളിലേക്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് നാലരലക്ഷത്തോളം രൂപ
കോഴിക്കോട്: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കാരപ്പറമ്പ് ബ്രാഞ്ചില്‍ നിന്നും ഓണ്‍ലൈന്‍ ഇടപാടിലൂടെ നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തു. കാരപ്പറമ്പ് സ്വദേശിയായ പി.എസ് മനീഷിന്‍െ്റ അക്കൗണ്ടില്‍ നിന്നും 2.28 ലക്ഷംരൂപ പിന്‍വലിക്കപ്പെട്ടത് ബാങ്ക് മാനേജരുടെ മുന്നിലിരിക്കുമ്പോഴാണ്. ബാങ്കിലും ആര്‍.ബി.ഐക്കും പോലീസിലും പരാതി നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഉണ്ടാകുന്നില്ലെന്ന പരാതിയുമായി മനീഷ്.
കഴിഞ്ഞ രണ്ടാംതീയതി മനീഷിന്‍െ്റ മൊബൈല്‍ നമ്പറില്‍ സൗഗത സര്‍ക്കാര്‍ എന്നയാളെ ഗുണഭോക്താവായി ചേര്‍ത്തെന്ന മെസേജ് ലഭിച്ചു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരെ ബന്ധപ്പെട്ടു, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചത്. കാര്‍ഡ് സുരക്ഷിതമാണെന്ന് അറിയിച്ച മനീഷ് ഗുണഭോക്താവിനെ അടിയന്തരമായി നീക്കം ചെയ്യാനോ അക്കൗണ്ട് മരവിപ്പിക്കാനോ ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണത്തിനിടയില്‍ അക്കൗണ്ടില്‍ നിന്ന് 1,50,000.00 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു.
മനീഷ് ഉടനെ തന്നെ അടുത്തുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലെ കാരപ്പറമ്പ് ബ്രാഞ്ചിലേക്ക് ഓടിയെത്തി. ബ്രാഞ്ച് മാനേജരുടെ ക്യാബിനില്‍ ഇരുന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ അഞ്ച് ഇടപാടുകള്‍ കൂടി തുടര്‍ച്ചയായി നടന്നു. ഇതിന്റെ ഫലമായി ആകെ 4,27,500.00 രൂപയുടെ പിന്‍വലിക്കല്‍ നടന്നു. ബ്രാഞ്ച് മാനേജര്‍ അവരെ തടയുന്നതില്‍ പരാജയപ്പെട്ടെന്നും ഇടപാടുകള്‍ തടയുന്നതില്‍ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നെന്നും മനീഷ് ആരോപിക്കുന്നു. തുടര്‍ന്ന് സൈബര്‍ ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെട്ട് പരാതി നല്‍കി. അവരുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും ബ്ലോക്ക് ചെയ്തു.
ബാങ്കിന്റെ പരാതി പരിഹാര വകുപ്പിന് പരാതി നല്‍കിയെങ്കിലും മറുപടി നല്‍കാന്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ ആവശ്യമാണെന്ന മറുപടിയാണ് ലഭിച്ചത്. പലതവണ എഴുതിയിട്ടും രേഖാമൂലം മറുപടി ലഭിച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ എ.ടി.എമ്മുകളില്‍ നിന്ന് ഫണ്ട് പിന്‍വലിക്കുകയും വ്യാജ 'മ്യൂള്‍ അക്കൗണ്ടുകള്‍' വഴി വഴിതിരിച്ചുവിടുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒ.ടി.പിയും പാസ്വേര്‍ഡും ആര്‍ക്കും കൈമാറിയിട്ടില്ലെന്നതാണ് മനീഷിനെ ആശങ്കയിലാക്കുന്നത്. സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും നഷ്ടമായതിലുണ്ട്.
പുതിയ ഗുണഭോക്താക്കളെ അക്കൗണ്ടില്‍ ചേര്‍ത്താല്‍ ആദ്യ ട്രാന്‍സ്ഫറുകളുടെ പരിധി 50,000 രൂപ മാത്രമാണ്. എന്നിട്ടും മിനിറ്റുകള്‍ക്കുള്ളില്‍ ഒന്നിലധികം ഉയര്‍ന്ന മൂല്യമുള്ള ഡെബിറ്റുകള്‍ എങ്ങനെ സംഭവിച്ചെന്നതും ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു. മനീഷിന്‍െ്റ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നും അതാണ് കാരണമെന്നു കരുതുന്നതായും ബ്രാഞ്ച് മാനേജര്‍ പ്രിയങ്ക പറഞ്ഞു. സൈബര്‍ പോലീസിന്റെ കണക്കനുസരിച്ച് പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിരവധി തട്ടിപ്പ് പരാതികള്‍ ഉണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനോട് ആ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ ചെയ്തിട്ടില്ല.