ഓയൂരിലെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ? ആറുവയസുകാരിയുടെ പിതാവിന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും; ഓയൂരില്‍ ഇനിയും സത്യം തെളിയാനുണ്ടോ?

ഓയൂരില്‍ ഇനിയും സത്യം തെളിയാനുണ്ടോ?

Update: 2024-09-23 01:48 GMT

കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഇനിയും സത്യം തെളിയാനുണ്ടോ? കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ പിതാവിന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തുന്നത് കേസില്‍ നിര്‍ണായകമാകും. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തുടരന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കുന്നത്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ വിചാരണ തുടങ്ങാന്‍ ഇരിക്കെ ആയിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സമയം അവസാനിക്കും മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കണം. അതില്‍ പ്രധാനം ആറു വയസ്സുകാരിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതാണ്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാല് പേരുണ്ടെന്ന സംശയം കുട്ടിയുടെ പിതാവ് ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തുടരന്വേഷണം നടത്തുന്നത്. കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ അപേക്ഷയിലാണ് കോടതി രഹസ്യ മൊഴി എടുക്കുന്നത്.

കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ കൊട്ടാരക്കര കോടതിയെ ചുമതലപ്പെടുത്തിയത്. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയും രഹസ്യമൊഴിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. നാലുപേരുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ആണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. കേസിലെ രണ്ടാംപ്രതി അനിതകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

കാറില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹോദരന്‍ ആദ്യം മൊഴിയെടുത്ത വനിത പൊലീസ് ഓഫിസറോട് പറഞ്ഞത്. ഇക്കാര്യം എഡിജിപി നിഷേധിച്ചതോടെ തുടര്‍ അന്വേഷണത്തിന്റെ വഴിയടഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് 5 ദിവസം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് പ്രതികളെ ലഭിച്ചത്. അപ്പോഴേക്കും പ്രതികള്‍ തെളിവുകള്‍ പലതും നശിപ്പിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ അത്യാവശ്യമാണ് 'കടുംകൈ'യ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴി. ഫാമിലുള്ള പശുക്കളെ വിറ്റാല്‍ ലഭിക്കുമായിരുന്ന തുകയ്ക്ക് വേണ്ടി ഈ കൃത്യം നടത്തിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല.

മറ്റാരിലേക്കും അന്വേഷണം എത്താതിരിക്കാന്‍ പൊലീസ് ബോധപൂര്‍വം ആദ്യ ദിവസം തന്നെ ശ്രമിച്ചതായി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി), 346, 361, 363, 364 (എ), 370 (4), 323, 34 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 84 ാം വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതേ വകുപ്പുകള്‍ തന്നെയാണ് കസ്റ്റഡി കാലാവധിക്കു ശേഷവുമുള്ളത്.

Tags:    

Similar News