ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം എഡിജിപി അട്ടിമറിച്ചുവെന്ന ആരോപണം; കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പ്

ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

Update: 2024-09-09 07:57 GMT

തിരുവനന്തപുരം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പ്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ മുഖ്യമന്ത്രിക്ക് നീരസം ഉണ്ടായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലിഫ് ഹൗസില്‍ ഡിജിപിയുമായി ചേര്‍ന്ന നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തുടരന്വേഷണത്തില്‍ എതിര്‍പ്പ് അറിയിച്ചത്.

എഡിജിപി അജിത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തുടരന്വേഷണം കൊല്ലം എസ്പി തീരുമാനം എടുത്തത്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് തുടരന്വേഷണം നിര്‍ദ്ദേശിച്ചത്. തുടരന്വേഷണം നടന്നാല്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടരന്വേഷണ അപേക്ഷ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കും.

2023 നവംബറിലാണ് ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പൊലീസ് തെരച്ചില്‍ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികള്‍ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്ന് പേരും റിമാന്‍ഡിലായി.

പിന്നീട് അനുപമയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നാലാമതൊരാള്‍ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ഒരു മാധ്യമത്തോട് പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടര്‍ അന്വേഷണമെന്നാണ് പോലീസ് കോടതിയില്‍ അറിയിച്ചത്.

Tags:    

Similar News