മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ ഫോണ്‍ കോള്‍; സ്‌കൂള്‍ അധ്യാപികയായ അമ്മ ഹൃദയം പൊട്ടി മരിച്ചു

മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് വ്യാജ ഫോണ്‍ കോള്‍; സ്‌കൂള്‍ അധ്യാപികയായ അമ്മ ഹൃദയം പൊട്ടി മരിച്ചു

Update: 2024-10-04 04:00 GMT

ആഗ്ര: മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പോലിസിന്റെ പേരില്‍ വ്യാജ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ സ്‌കൂള്‍ അധ്യാപികയായ അമ്മ ഹൃദയം പൊട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മയാണ് പണംതട്ടാനുള്ള വ്യാജകോളിന് പിന്നാലെ ഹൃദയംപൊട്ടി മരിച്ചത്. വാട്‌സാപ്പ് വഴി പോലിസ് ഉദ്യോഗസ്ഥന്റെ ചിത്രം പ്രൊഫൈല്‍ ആക്കിയ നമ്പറില്‍ നിന്നാണ് മാലതിക്ക് കോള്‍ വന്നത്. മാലതിയുടെ കോളജ് വിദ്യാര്‍ഥിയായ മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്നും രക്ഷിക്കണമെങ്കില്‍ പണംവേണമെന്നും ആയിരുന്നു കോളില്‍ പറഞ്ഞത്.

തിങ്കളാഴഴ്ച ഉച്ചയോടെയാണ് ഫോണ്‍വിളി വന്നതെന്ന് മാലതിയുടെ മകന്‍ ദിപാന്‍ഷു പറഞ്ഞു. ഈ സമയം മാലതി സ്‌കൂളില്‍ ആയിരുന്നു. കേസെടുക്കാതെ മകളെ സുരക്ഷിതയായി വീട്ടില്‍ തിരിച്ചെത്തിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ അയച്ചുതരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായി മകന്‍ പറഞ്ഞു. മകള്‍ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങിയത് കുടുംബത്തിന് മാനഹാനി ഉണ്ടാക്കാതിരിക്കാനാണ് വിളിക്കുന്നതെന്നും ഇയാള്‍ മാലതിയോട് പറഞ്ഞു.

ആഗ്ര അച്നേരയിലെ സര്‍ക്കാര്‍ ഗേള്‍സ് ജൂനിയര്‍ ഹൈസ്‌കൂളിലെ ടീച്ചറാണ് മാലതി. കോള്‍ വന്നതിന് പിന്നാലെ പരിഭ്രാന്തയായ ഇവര്‍ മകന്‍ ദിപാന്‍ഷുവിനെ വിളിച്ചു. കോള്‍ വന്ന നമ്പര്‍ മകന്‍ ചോദിച്ചു. നമ്പര്‍ നോക്കിയപ്പോള്‍, അതിന് +92 എന്ന പ്രിഫിക്സ് ഉള്ളതായി കണ്ടെത്തി. ഇതൊടെ തട്ടിപ്പാണെന്ന് ദിപാന്‍ഷുു അമ്മയോട് പറഞ്ഞു. എന്നാല്‍ മാലതിയുടെ പേടി മാറിയില്ല. തുടര്‍ന്ന് വലിയ മാനസിക പ്രയാസം ഉണ്ടാവുകയായിരുന്നു.

സഹോദരിയോട് സംസാരിച്ചെന്നും അവള്‍ക്കൊരു കുഴപ്പവുമില്ലെന്നും മകന്‍ പറഞ്ഞെങ്കിലും മാലതിയുടെ മാനസിക പ്രയാസം മാറിയില്ല. വൈകീട്ട് സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങള്‍ കുടിക്കാന്‍ വെള്ളം കൊടുത്തെങ്കിലും ആരോഗ്യസ്ഥിതി വഷളായി. പിന്നാലെ മരിക്കുകയും ചെയ്തു'- മകന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു.

'തട്ടിപ്പ് കോളിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് മാലതി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ഒരു കോള്‍ വന്നതും വിളിച്ചയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതുമാണ് മരണകാരണമെന്ന് ഭര്‍ത്താവ് പറഞ്ഞു. മാലതി ഏറെ വിഷമം അനുഭവിച്ചു. വീട്ടിലെത്തി 15 മിനിറ്റിനു ശേഷം മരിച്ചു. കോള്‍ വന്ന നമ്പറിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്''- പൊലീസ് അറിയിച്ചു.

Tags:    

Similar News