സിപിഎമ്മിലെ ബാലചന്ദ്ര സൗഹൃദം തുണച്ചില്ല; കൊടി സുനിയെ ആരാധിക്കുന്ന കരുനാഗപ്പള്ളിയിലെ ഗുണ്ടാ തലവനെ പൊക്കിയത് കല്ലമ്പലത്ത് നിന്നും; ജിം സന്തോഷിനെ വകവരുത്താനുള്ള തീരുമാനം എടുത്തതും പങ്കജ്; മാറി നിന്നത് കൊലപാതക സമയത്ത് മാത്രം; സന്തോഷ് വധക്കേസില്‍ നിര്‍ണ്ണായക അറസ്റ്റ്; അതുല്‍ ആലുവ ഒളിവില്‍ തന്നെ

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ട നേതാവ് ജിം സന്തോഷ് വധക്കേസിലെ മുഖ്യസൂത്രധാരന്‍ പങ്കജ് മേനോന്‍ പിടിയിലായത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. കല്ലമ്പലത്ത് നിന്നാണ് പങ്കജിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് സന്തോഷ്, പങ്കജിനെ കുത്തിയ ശേഷം ജയിലിലായിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് പങ്കജും ഗുണ്ടാസംഘവും ചേര്‍ന്ന് ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാര്‍ച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്.
ഇതോടെ സന്തോഷ് വധക്കേസില്‍ ആറ് പ്രതികള്‍ പിടിയിലായി. ഇനി അലുവ അതുലിനെ കൂടി പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ അലുവ അതുല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലയില്‍ നേരിട്ട് പങ്കുള്ള മൈന ഹരി, പ്യാരി, രാജപ്പന്‍ തുടങ്ങിയ പ്രധാന പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനായി നിയോഗിച്ച പ്രത്യേക സംഘത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും നാല് എസ് ഐമാരും ഉള്‍പ്പെടുന്നുണ്ട്. ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമായിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് പങ്കജിനെ പിടികൂടുന്നത്. പങ്കജുമായുള്ള വിരോധത്തിന്മേലാണ് ജിം സന്തോഷിനെ അലുവ അതുലും സംഘവും കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് പങ്കജിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചത്. പങ്കജുമായുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഖ്യ സൂത്രധരനെ പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസിന്റെ സ്പെഷ്യല്‍ ടീം കല്ലമ്പലത്ത് ഇന്നലെ മുതല്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലുള്‍പ്പെടെ പങ്കജിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെ കണ്ടെത്താനും പങ്കജിനെ ചോദ്യം ചെയ്യുന്നതോടെ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കജ് നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൊലപാതക സമയത്ത് മാത്രമാണ് പങ്കജ് മാറി നിന്നത്. പിന്നില്‍ നിന്ന് അക്രമി സംഘത്തെ നിയന്ത്രിക്കുന്നത് പങ്കജാണ്. അലുവ അതുല്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. ഇന്ന് തന്നെ മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷ.
അലുവ അതുലിന്റെ വീട്ടില്‍ നിന്നും എയര്‍ പിസ്റ്റളും മഴുവും വെട്ടുകത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്. സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നാണ് സംശയം. കുക്കുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ കുക്കുവും പൊലീസ് കസ്റ്റഡിയിലാണ്. കരുനാഗപ്പള്ളി കെ എസ് ഇ ബി ഓഫീസിന് പടിഞ്ഞാറ് താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.
പങ്കജ് മേനോന് ഗുണ്ടാബന്ധവും രാഷ്ട്രീയബന്ധവുമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ടി.പി..ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്കൊപ്പമുള്ള ചിത്രമാണ് പങ്കജിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം. സുനിയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ പങ്കജ് പങ്കുവച്ചിട്ടുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം പി.കെ ബാലചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കജ് പങ്കുവച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലി കരുനാഗപ്പള്ളി സി.പി.എമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇടയുകയും പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബാലചന്ദ്രനും പങ്കജും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു.
വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കു വെട്ടിയത്.
സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.