ആദ്യം സ്വന്തം നഗ്‌നചിത്രങ്ങള്‍ വാട്സാപ്പിലൂടെ സുബിന്‍ പെണ്‍കുട്ടിക്ക് അയച്ചുനല്‍കി; പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിച്ചു; സൗഹൃദം ഭാവിച്ച് അടുത്തുകൂടിയ സുബിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; അച്ചന്‍കൊട്ടുമലയില്‍ വച്ച് കൂട്ടബലാല്‍സംഗവും; പത്തനംതിട്ട പീഡന കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍
പത്തനംതിട്ട പീഡന കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍
പത്തനംതിട്ട: നാടിനെ നടുക്കിയ പത്തനംതിട്ടയിലെ കൂട്ടബലാല്‍സംഗ കേസില്‍ ഇതുവരെ രജസ്റ്റര്‍ ചെയ്തത് 7 എഫ്‌ഐആറുകള്‍. പതിനെട്ട് വയസുള്ള ദളിത് പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ ഇതു വരെ 20 പ്രതികള്‍ അറസ്റ്റിലായി. നേരത്തെ 14 പേര്‍ അറസ്റ്റിലായിരുന്നു. റാന്നിയില്‍ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. അടുത്തദിവസം വിവാഹനിശ്ചയം നടക്കാനിരുന്ന ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും വിശദാംശങ്ങള്‍ പുറത്തുവിട്ട പൊലീസ് അറിയിച്ചു.
റാന്നിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ആറുപേരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെണ്‍കുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബര്‍ തോട്ടത്തില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സുബിന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സുബിന്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചതായും പൊലീസ് വിവരിച്ചു.
പൊലീസ് പറയുന്നത്
സുബിന്‍ 13 വയസ്സുമുതല്‍ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. സ്വന്തം നഗ്‌നചിത്രങ്ങള്‍ വാട്സാപ്പിലൂടെ സുബിന്‍ പെണ്‍കുട്ടിക്ക് അയച്ചുനല്‍കുമായിരുന്നു. സുബിന്‍ പെണ്‍കുട്ടിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്. ഇരുചക്രവാഹനത്തില്‍ കയറ്റി പട്ടാപ്പകല്‍ ആളൊഴിഞ്ഞ മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി.
ഈ ദൃശ്യങ്ങള്‍ കണ്ടവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച സുബിന്‍ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വീട്, സ്‌കൂള്‍ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി.
പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് കാഴ്ച വക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു.
പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗില്‍ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ കൗണ്‍സിലര്‍മാരെ കുട്ടി അറിയിക്കുകയായിരുന്നു. സ്ഥാപന അധികൃതര്‍ ഇടപെട്ട് കോന്നി നിര്‍ഭയ ഹെന്‍ട്രി ഹോമില്‍ കഴിഞ്ഞ ഡിസംബര്‍ 6 മുതല്‍ പാര്‍പ്പിച്ചുവരികയാണ്. എട്ടിനും 13 നും സി ഡബ്ല്യു സി കൗണ്‍സിലിങ്ങിന് വിധേയയാക്കി. നിരവധി ആളുകള്‍ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴികള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് എസ് ഐ കെ ആര്‍ ഷെമിമോള്‍ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. മൊഴികള്‍ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു.
ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ വീടുകളില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്. ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടില്ല, അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോണ്‍ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും.
കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ കുടുംബ സാഹചര്യവും പ്രതികള്‍ ചൂഷണം ചെയ്തു. പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചിരുന്നവരും പരിചയപ്പെട്ടവരും പീഡിപ്പിച്ചവരില്‍ പെടുന്നു. കാറില്‍വച്ചും സ്‌കൂളില്‍ വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാമ്പില്‍ വച്ചും പീഡനത്തിനിരയായി. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.
അറസ്റ്റ് വിവരങ്ങള്‍
ഇലവുംതിട്ട സ്റ്റേഷനിലെ രണ്ടും പത്തനംതിട്ട സ്റ്റേഷനിലെ മൂന്നും കേസുകളിലായിട്ടാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. റാന്നി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ആറു പേരെയും ചേര്‍ത്താണ് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായവരില്‍ മൂന്നു പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലു പേര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇലവുംതിട്ടയില്‍ അഞ്ചും പത്തനംതിട്ടയില്‍ ഒമ്പതും പേരാണ് അറസ്റ്റിലായത്.
പത്തനംതിട്ട സ്റ്റേഷനിലെ മൂന്നു കേസുകളില്‍ ആദ്യത്തേതില്‍ ടൗണില്‍ മീന്‍ കച്ചവടം നടത്തുന്ന കൊന്നമൂട് പരാലില്‍ വീട്ടില്‍ ഷംനാദ് (20) ആണ് അറസ്റ്റിലായത്. രണ്ടാമത്തെ കേസില്‍ വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ബയോമെഡിക്കല്‍ കോഴ്‌സിന് പഠിക്കുന്ന പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ അഫ്‌സല്‍ റഹിം (21), സഹോദരന്‍ ആഷിഖ് റഹിം (20), എറണാകുളത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിങ് പഠിക്കുന്ന കടമ്മനിട്ട അമാംപാറക്കല്‍ വീട്ടില്‍ നിധിന്‍ പ്രസാദ് (21), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ പ്രമാടം കൊമ്പില്‍ കിഴക്കേതില്‍ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസത്തില്‍ കാര്‍ത്തിക് (18), പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ആഷിഖ് വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്നതിനൊപ്പം കോളജ് ജങ്ഷനിലെ വര്‍ക്ക് ഷോപ്പിലും ജോലി ചെയ്യുന്നു. അഫ്‌സല്‍ 2022 ലും കഴിഞ്ഞ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ആഷിഖും കൂട്ടുപ്രതിയാണ്.
മൂന്നാമത്തെ കേസില്‍ പത്തനംതിട്ട ചന്തയില്‍ മീന്‍വില്‍ക്കുന്ന കുലശേഖരപതി കൊച്ചുപുരയിടത്തില്‍ കണ്ണപ്പന്‍ എന്ന സുധീഷ് (27), പൂങ്കാവില്‍ മീന്‍വില്‍പ്പന നടത്തുന്ന താഴെവെട്ടിപ്പുറം ആനപ്പാക്കല്‍ വീട്ടില്‍ നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റി ലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളില്‍ 2014 ലെ രണ്ട് മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. ഇതിന് പുറമേ റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.
ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത കേസുകളുടെ അന്വേഷണ ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.വിനോദ് കൃഷ്ണനാണ് അന്വേഷിക്കുന്നത്.