ജൂണില്‍ പീഡന പരാതിയില്‍ പഴനിയപ്പന്‍ റിമാന്‍ഡിലായി; ആഗസ്റ്റില്‍ വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേര്‍ന്ന് പുറത്തിറക്കി; ജാമ്യത്തിലിറക്കാന്‍ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്ക്ക് സൗഹൃദമെന്ന സംശയം പകയായി; കൊടുകാട്ടില്‍ കൊലയും; വള്ളിയമ്മയുടെ ജീവനെടുത്തത് രണ്ടാം പങ്കാളിയുടെ സംശയ രോഗം; പഴനിയപ്പന്‍ കുടുങ്ങുമ്പോള്‍

Update: 2025-10-18 04:52 GMT

അട്ടപ്പാടി: അട്ടപ്പാടി പുതൂര്‍ ഉള്‍മേഖലയിലെ ഉന്നതി ആഞ്ചക്കക്കൊമ്പില്‍ മരിച്ച ആദിവാസി സ്ത്രീ ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മയെ (49) കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ ഭര്‍ത്താവ് പഴനിയപ്പന്‍ (43) കുറ്റം സമ്മതിച്ചു. നിയമപരമായി ഇവര്‍ വിവാഹിതരായിരുന്നില്ല. ഇതിനിടെയുണ്ടായ സംശയമാണ് കൊലയായി മാറിയത്.

ജൂണില്‍ ഒരു സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ പഴനിയപ്പന്‍ റിമാന്‍ഡിലായിരുന്നു. ആഗസ്ത് എട്ടിന് വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേര്‍ന്ന് ജാമ്യത്തിലിറക്കി. ജാമ്യത്തിലിറക്കാന്‍ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്ക്ക് സൗഹൃദമെന്ന സംശയത്തില്‍ വൈകാതെ മര്‍ദനം തുടങ്ങി. കുമ്പളങ്ങത്തോട്ടത്തില്‍ വെള്ളം എത്തിക്കാന്‍ ഉള്‍വനത്തില്‍ സ്ഥാപിച്ച കുഴലിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ ആഗസ്ത് 17ന് ഇവര്‍ പോയി. യാത്രയ്ക്കിടയില്‍ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി വീണ്ടും ഇയാള്‍ വള്ളിയമ്മയെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ വള്ളിയമ്മയെ കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നും പഴനിയപ്പന്‍ സമ്മതിച്ചത്. രണ്ട് മാസം മുന്‍പാണ് വള്ളിയമ്മയെ കാണാതായത്. തുടര്‍ന്ന് മക്കള്‍ പരാതിപ്പെട്ടിരുന്നു. പഴനിയപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. ഭര്‍ത്താവ് മരിച്ചശേഷം വള്ളിയമ്മ പഴനിയപ്പനൊപ്പമാണ് ജീവിച്ചത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. രണ്ടാളും പുതൂര്‍ ഇലച്ചിവഴി ഉന്നതി സ്വദേശികളാണെങ്കിലും ഉള്‍പ്രദേശമായ ആഞ്ചക്കക്കൊമ്പ് ഉന്നതിയിലായിരുന്നു താമസം.

രണ്ടുമാസമായി അമ്മയെ കാണാനില്ലെന്ന് കാണിച്ച് വള്ളിയുടെ മകന്‍ ഈശ്വരന്‍ (32) ഈ മാസം 13ന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കൊക്കയില്‍വീണ് മരിച്ചെന്നാണ് ആദ്യം പഴനിയപ്പന്‍ പറഞ്ഞത്. ശനിയാഴ്ച പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമേ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കൂ. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടികള്‍.

Tags:    

Similar News