നവീന്റെ ജീവനെടുത്ത ദിവ്യയുടെ ക്രോധം ബൂമറാങായി മാറും; കൈക്കൂലിയെന്ന വെളിപ്പെടുത്തല്‍ നീളുക ഇഡി അന്വേഷണത്തിലേക്ക്; പമ്പ് തുടങ്ങാന്‍ പ്രശാന്തിന് രണ്ട് കോടി എവിടെ നിന്ന്? കള്ളപ്പണം വെളുപ്പിക്കലിലേക്കും ആരോപണം; ഇഡി കേസെടുത്താല്‍ ദിവ്യയും അന്വേഷണ പരിധിയില്‍ വരും

നവീന്റെ ജീവനെടുത്ത ദിവ്യയുടെ ക്രോധം ബൂമറാങായി മാറും

Update: 2024-10-21 01:44 GMT

കൊച്ചി: കേന്ദ്ര ഏജന്‍സികളുടെ അനേഷണം അനാവശ്യമായി ക്ഷണിച്ചു വരുത്തുന്നതില്‍ ഒട്ടും താല്‍പ്പര്യമുള്ളവരല്ല സിപിഎമ്മുകാര്‍. എന്നാല്‍, കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വെളിപ്പെടുത്തല്‍ വഴിതുറക്കുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലേക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ദിവ്യയുടെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് പമ്പ് ലൈസന്‍സിന് അപേക്ഷിച്ച ടി.വി. പ്രശാന്തും വെളിപ്പെടുത്തി.

എന്നാല്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെതന്നെ രണ്ടുകോടിയോളം രൂപവരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന്റെ ഇതിനുള്ള സാമ്പത്തികസ്രോതസ്സ് എന്താണ് എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രശാന്ത് ആരുടെ ബിനാമിയാണെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സിലെ സംശയം ഇഡി അന്വേഷണത്തിലേക്ക് വഴിവെച്ചേക്കാം എന്നാണ് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്.

ദിവ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ.) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്.

പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായംചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തണമെന്നാണ് പി.എം.എല്‍.എ.യിലെ വകുപ്പ് മൂന്നില്‍ പറയുന്നത്. അതിനാല്‍ ദിവ്യയും ഇ.ഡി. അന്വേഷണപരിധിയില്‍ വരും. അഴിമതിനിരോധന നിയമത്തില്‍ 2018-ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിര്‍ബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇത്തരത്തില്‍ കൈക്കൂലി നല്‍കിയാല്‍ ഏഴുദിവസത്തിനുള്ളില്‍ അധികാരികളെ അറിയിക്കണം. അതിനാല്‍ കൈക്കൂലി നല്‍കിയതിനും പ്രശാന്തിന്റെപേരില്‍ കേസെടുക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു.

അതേസമയം പെട്രോള്‍ പമ്പ് തുടങ്ങാന്‍ സ്ഥലം പാട്ടത്തിനെടുത്ത പ്രശാന്തിന്റെ ഇടപാടുകള്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. രണ്ട് തരത്തിലാണ് പെട്രോള്‍ പമ്പ് അനുവദിക്കുന്നത്. കമ്പനി നേരിട്ട് നടത്തുന്നതും (കമ്പനി കണ്‍ട്രോള്‍ഡ്, സി.സി.), ഡീലര്‍ കണ്‍ട്രോള്‍ഡും (ഡി.സി). ഹൈവേകളിലും ടൗണ്‍മേഖലയിലും സി.സി. പെട്രോള്‍ പമ്പേ അനുവദിക്കൂ. ഇവിടെ പമ്പിനാവാശ്യമായ ഏകദേശം 30 സെന്റോളം സ്ഥലം കമ്പനിക്കു 20 വര്‍ഷം വാടകയ്ക്ക് നല്‍കണം. പമ്പ് നിര്‍മാണ ചെലവ് കമ്പനി വഹിക്കും. ഇത്തരം പമ്പ് അനുവദിക്കുന്നത് ടെന്‍ഡര്‍ വഴിയാണ്. ടെന്‍ഡര്‍ ലഭിക്കാന്‍ കുറഞ്ഞത് 50 ലക്ഷംമുതല്‍ ഒരുകോടി രൂപവരെ കമ്പനിക്ക് അടയ്ക്കണം.

കമ്പനി നിയന്ത്രിക്കുന്ന പെട്രോള്‍ പമ്പ് അനുവദിക്കാന്‍ ഡീലര്‍ നല്‍കേണ്ടത് 10 ലക്ഷം രൂപയില്‍ താഴെയാണ്. പമ്പ് നിര്‍മിക്കുന്നതിനടക്കം ചെലവുവരുന്ന കുറഞ്ഞ തുക രണ്ടുകോടി രൂപയോളംവരും. പ്രശാന്തിന് ഇത്രയേറെ പണം എവിടെനിന്ന് ലഭിച്ചു എന്നതാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിഷയമായി മാറ്റുന്നത്.

അതേസമയം നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ പമ്പ് നല്‍കാന്‍ ബിപിസിഎല്‍ ഒബിസി ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷിച്ചത് ഒരാള്‍ മാത്രമാണെന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ഈ അപേക്ഷ നല്‍കിത് അത് കെവി പ്രശാന്തായിരുന്നു. പ്രശാന്തിന് തന്നെ നല്‍കുകയും ചെയ്തു. സിപിഎം പാര്‍ട്ടി ഗ്രാമമാണ് ഈ മേഖല. ഇവിടെ ആരെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അവിടെ പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ പമ്പ് എന്നല്ല എന്തും ചെയ്യാനാകൂവെന്ന് കരുതുന്നവരുമുണ്ട്.

വിവാദങ്ങള്‍ക്കിടെയാണ് ഈ പമ്പിന്റെ അപേക്ഷയും അനുവദിക്കലിന്റേയും വിശദാംശങ്ങള്‍ മറുനാടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2023 ജൂണ്‍ 28നായിരുന്നു കണ്ണൂരിലെ ഈ മേഖലയിലേക്കുള്ള പമ്പിന് അപേക്ഷ ക്ഷണിച്ചത്. കാലിക്കറ്റിലാണ് മേഖലാ ഓഫീസ്. പക്ഷേ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 2023 ഒക്ടോബര്‍ 17ന് കിട്ടിയത് ഒരു അപേക്ഷ മാത്രം. അങ്ങനെ പ്രശാന്തിന് പമ്പും അനുവദിച്ചു. എന്നാല്‍ അനുവദിച്ചത് എന്നാണെന്ന് ഓണ്‍ലൈന്‍ രേഖകളില്‍ വ്യക്തമല്ല. ഇങ്ങനെ അനുവദിച്ച് കിട്ടിയ പമ്പിന് വേണ്ടിയുള്ള എന്‍ഒസിയാണ് വിവാദമായി മാറിയത്.

എന്തുകൊണ്ട് ഏറെ ആവശ്യക്കാരുളള പെട്രോള്‍ പമ്പിന് നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ ഒരാള്‍ മാത്രമായി എന്നത് ചോദ്യമില്ലാ ഉത്തരമാണ്. സാധാരണ പമ്പ് അനുവദിക്കലില്‍ രാഷ്ട്രീയ ഇടപെടലുകളും അനിവാര്യതയാണ്. കേന്ദ്ര ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യമാകും ഇതില്‍ പ്രതിഫലിക്കുകയെന്നതാണ് പൊതുവേ എന്നും ഉയര്‍ന്നിരുന്ന വാദം. എന്നാല്‍ ഇവിടെ ഒരാള്‍ മാത്രം അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയത്തിനും അതുകൊണ്ട് തന്നെ പ്രശാന്തിന്റെ അപേക്ഷ തള്ളാന്‍ വഴിയില്ലാതായി. അങ്ങനെ ആ പമ്പ് പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ സ്വന്തമാക്കി.

നിശ്ചിത പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിന് ആദ്യം സര്‍വേ നടത്തും. നിശ്ചിത ദൂരപരിധിയില്‍ വേറെ പമ്പുകള്‍ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക്, നിശ്ചിതപരിധിയില്‍ വീടുകള്‍ ഉണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സര്‍വേയിലൂടെ പരിശോധിക്കും. അതിനുശേഷം പമ്പുകള്‍ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യപത്രം ക്ഷണിക്കും. പിന്നീട് ഡീലര്‍ഷിപ്പിനായും താത്പര്യപത്രം നല്‍കും. സാധാരണ നിരവധി അപേക്ഷകള്‍ കിട്ടും. ആ മേഖലയിലെ പണക്കാരെല്ലാം അപേക്ഷിക്കലാണ് പതിവ്. എന്നാല്‍ പ്രശാന്തിന് കിട്ടിയ പമ്പില്‍ ആരും ആവശ്യക്കാരുണ്ടായില്ലെന്നത് വിചിത്രമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയാണോ പ്രശാന്ത് അപേക്ഷ നല്‍കിയതെന്ന സംശയം ശക്തമാണ്. ശ്രീകണ്ഠാപുരത്തെ ക്വാറി മാഫിയയെ സഹായിക്കുന്ന പ്രധാനി പ്രശാന്തിന്റെ അടുത്ത ബന്ധുവാണ്. സിപിഎം നേതാവായ ഈ ബന്ധുവാണോ പ്രശാന്തിന് ഡീലര്‍ഷിപ്പിനുള്ള കരുക്കള്‍ നീക്കിയതെന്ന സംശയവും ശക്തമാണ്.

പെട്രോള്‍ പമ്പ് തുടങ്ങണമെങ്കില്‍ ചെലവഴിക്കേണ്ടത് ഒരുകോടിയിലധികം രൂപയാണ്. ലേലത്തുകയും കരുതല്‍നിക്ഷേപവും കൂടാതെയാണിത്. ബി.പി.സി.എല്‍. വെബ് സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കാണിത്. കമ്പനി നിര്‍ദേശിക്കുന്ന പ്രവര്‍ത്തനമൂലധനമായി 32 ലക്ഷം രൂപയും സൗകര്യങ്ങള്‍ ഒരുക്കാന്‍ 75 ലക്ഷം രൂപയുമടക്കം 1.07 കോടി രൂപയാണ് ചെലവ്. ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്ക്കണം. കരുതല്‍നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്ക്കണം. 900 ചതുരശ്രമീറ്റര്‍ സ്ഥലവും വേണം. അതായത് പരിയാരത്തെ വെറും സാധാരണക്കാരന് ഈ തുക ചെലവഴിക്കാന്‍ ഉണ്ടാകില്ല. എന്നിട്ടും പ്രശാന്തിന് ഇതെല്ലാം കഴിഞ്ഞു. ഈ സാഹചര്യചത്തിലാണ് പ്രശാന്തിന്റെ സമ്പാദ്യത്തിലേക്കും അന്വേഷണം വേണമെന്ന വാദമെത്തുന്നത്. ബെനാമിയാണ് പ്രശാന്ത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെല്ലാം. പ്രശാന്തിനെ എല്ലാവരും പ്രശാന്തന്‍ എന്നാണ് വിളിക്കുന്നത്. ഇതൊരു കണ്ണൂര്‍ ശൈലിയാണ്. എന്നാല്‍ ബിപിസിഎല്‍ രേഖകളിലെല്ലാം പമ്പുടമ പ്രശാന്താണ്.

Tags:    

Similar News