ശല്യമാണെങ്കില്‍ ഒഴിവാക്കിയാല്‍ പോരെ, പ്രശ്നം തീര്‍ന്നില്ലേയെന്ന് കമല്‍രാജ്; എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട; അങ്ങനെ വന്നാല്‍ കുഞ്ഞുമായി ഞാന്‍ മരിക്കുമെന്ന് റീമ; കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടുന്നതിന് മുന്‍പ് റീമയും ഭര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
റീമയും ഭര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
കണ്ണൂര്‍: കുഞ്ഞുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കണ്ണൂര്‍ വെങ്ങര നടക്കുതാഴെ സ്വദേശിനി റീമ മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവ് കമല്‍രാജുമായി നടത്തിയ ഫോണ്‍ സന്ദേശം പുറത്ത്. വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അവസാനം നിമിഷവും ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ റീമ ശ്രമിച്ചിരുന്നുവെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോകുമെന്ന് റീമ ഭയപ്പെട്ടിരുന്നതായും സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്.
''പരസ്പര ധാരണയില്‍ പിരിയാം', 'ഭര്‍ത്താവിന്റെ അമ്മയാണ് ജീവിതം തുലച്ചത്', 'അത്രയും വെറുത്തുപോയി', 'വിദേശത്ത് പോയി ഒന്നര വര്‍ഷമായിട്ടും കുഞ്ഞിന്റെ കാര്യം അന്വേഷിച്ചില്ല','എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട', 'കുഞ്ഞിനെ കാണാന്‍ എന്ന് പറഞ്ഞു വന്നിട്ട് പ്രശ്നം ഉണ്ടാക്കരുത്', തുടങ്ങിയ കാര്യങ്ങളാണ് റീമ ഫോണില്‍ പറയുന്നത്.
ഇനിയും വരും അടി നടത്തേണ്ടതാണെങ്കില്‍ അടിക്കുകയും ചെയ്യുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നുണ്ട്. സ്റ്റേഷനില്‍ പോയി സംസാരിക്കാമെന്ന് റീമ അഭ്യര്‍ത്ഥിക്കുന്നതും ജീവനുള്ളിടത്തോളം കുഞ്ഞിനെ നിങ്ങളുടെ കൂടെ വിടില്ലെന്ന് റീമ പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് മനസിലാകും. മാത്രവുമല്ല അങ്ങനൊരു സാഹചര്യം വന്നാല്‍ കുഞ്ഞിനെയും കൊണ്ട് താന്‍ മരിക്കുമെന്ന് റീമ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
റീമ: ഒന്നും വേണ്ട, രണ്ടിലൊന്ന് തീരുമാനിച്ചിട്ട് പോകാം. വെറുതെ എന്തിനാണ് അങ്ങോട്ടും ഇങ്ങോട്ടും നേരം കളയുന്നത്. എനിക്കിനി ഇതിന്റെ പുറകെ നടക്കാന്‍ കഴിയില്ല.
കമല്‍രാജ്: രണ്ടിലൊന്ന് തീരുമാനിച്ചോളൂ. സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. നിന്റെ തീരുമാനം ഫോണില്‍ കൂടി പറഞ്ഞോളൂ.
റീമ: ഫോണില്‍ പറയേണ്ട ആവശ്യമില്ല. വന്നാലും പോയാലും സൈ്വര്യം തരില്ല.
കമല്‍രാജ്: ശല്യമാണെങ്കില്‍ ഒഴിവാക്കിയാല്‍ പോരെ, പ്രശ്‌നം തീര്‍ന്നില്ലേ.
റീമ: അതിന് നിങ്ങളൊരു തീരുമാനം പറയണ്ടേ
കമല്‍രാജ്: തീരുമാനം എന്താ പറയേണ്ടത്, ഞാന്‍ കുട്ടിയെ കാണാന്‍ വരുന്നതിന് എന്താ പ്രശ്നം
റീമ: അമ്മയുടെ അടുത്തേയ്ക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവര്‍. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാം.
എന്നാല്‍ കമല്‍രാജ് കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് വാശിപിടിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
റീമയുടെ ആത്മഹത്യകുറിപ്പും നേരത്തെ പുറത്ത് വന്നിരുന്നു. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ അമ്മ പ്രേമയുമെന്നാണ് കുറിപ്പിലുള്ളത്. അമ്മയുടെ വാക്ക് കേട്ട് തന്നെയും മകനെയും ഇറക്കിവിട്ടെന്നും കുട്ടിക്ക് വേണ്ടി തന്നോട് മരിക്കാന്‍ പറഞ്ഞെന്നും റീമ ആത്മക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. 'ഭര്‍ത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചു. നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ല', തുടങ്ങിയ കാര്യങ്ങളും റീമ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് റീമയുടെ കുഞ്ഞിന്റെ സംസ്‌കാരം നടന്നത്. ശനിയാഴ്ച അര്‍ധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയത്. 2015ലാണ് കമല്‍രാജും റീമയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ റീമ പൊലീസില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു.