മദ്യലഹരിയിൽ വിദ്യാർത്ഥികൾ ക്ലാസിൽ വൈകിയെത്തി; പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായി പോക്കറ്റിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് അധ്യാപകനെ ആക്രമിച്ചു; പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ; അധ്യാപകന്റെ തലയ്ക്കും ചെവിക്കും ഗുരുതര പരിക്ക്
തിരുനെൽവേലി: മദ്യലഹരിയിലെത്തിയ വിദ്യാർത്ഥികൾ അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തമിഴ്നാട് വിരുദുനഗർ തിരുത്തങ്കലിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകനായ ഷണ്മുഖസുന്ദരത്തെയാണ് മദ്യക്കുപ്പി കൊണ്ട് ആക്രമിച്ചത്. അധ്യാപകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലസ് വൺ വിദ്യാർത്ഥികളായ അരുൾ കുമാരൻ, ഗുരുമൂർത്തി എന്നിവരാണ് അധ്യാപകനെ മർദിച്ചത്. സ്കൂളിൽ നിന്നും ഉച്ചഭക്ഷണ സമയത്ത് പുറത്ത് പോയി മദ്യപിക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ക്ലാസിൽ വൈകിയെത്തിയ വിദ്യാർത്ഥികളോട് ഷൺമുഖസുന്ദരം കാര്യമന്വേഷിച്ചു. നാല് വിദ്യാർത്ഥികളാണ് ക്ലാസിൽ വൈകിയെത്തിയത്. വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായി അധ്യാപകന് മനസ്സിലായത്തിനെ തുടർന്ന് പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ അധ്യാപകനെ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച മദ്യകുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.
അക്രമത്തിൽ അധ്യാപകന്റെ തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്ന് കിടന്ന അധ്യാപകനെ ക്ലാസിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഉടൻ തന്നെ തിരുതങ്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകർ 4 വിദ്യാർത്ഥികളെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുതങ്കൽ പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.