പെണ്‍കുട്ടികളും യുവാക്കളും കുളത്തൂര്‍ ഇന്‍ഫോസിസിന് എതിര്‍വശത്തെ ബാറിലെത്തിയത് കാറില്‍; ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മദ്യ ലഹരിയിലായ പെണ്‍കുട്ടികളെ വാഷ്റൂമിലെത്തിച്ച് പീഡിപ്പിച്ചു; ബോധ രഹിതരായപ്പോള്‍ ഭയന്ന് ആശുപത്രിയില്‍ എത്തിച്ചു; ആ പോക്‌സോ കേസില്‍ ദുരൂഹത മാത്രം

Update: 2025-05-10 09:27 GMT

കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് വിശദ അന്വേഷണത്തിന്. ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കേസില്‍ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിന്‍ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടില്‍ അഭിലാഷ് (കുക്കു24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസര്‍ ഖാന്‍ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍വച്ച് മദ്യം നല്‍കിയെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ ഇവര്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളില്‍ ചെന്നതിന്റെ മയക്കം വിട്ട പെണ്‍കുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പക്ഷേ ഈ ഞെട്ടിക്കുന്ന സംഭവം പുറത്തേക്ക് വന്നില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇത്രയും ക്രൂരമായ സംഭവം പുറംലോകത്ത് എത്തിയത്. ഇതിന് പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഗൂഡാലോചന സംശയിക്കുന്നുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടു പേരെയാണ് ബാറിലെത്തിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം സു ഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

പെണ്‍കുട്ടികളും പ്രതികളായ യുവാക്കളും കാറിലാണ് കുളത്തൂര്‍ ഇന്‍ഫോസിസിന് എതിര്‍വശത്തെ ബാറിലെത്തിയത്. ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മദ്യലഹരിയിലായ പെണ്‍കുട്ടികളെ വാഷ്റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബോധരഹിതരായ ഇവരെ യുവാക്കള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടികള്‍ പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് തുമ്പ പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ആശുപത്രി അധികൃതര്‍ സംഭവം പുറത്തറിയിക്കാതെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരേയും അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. പ്രതികളെ സഹായിക്കാന്‍ ആശുപത്രി ശ്രമിച്ചെന്നാണ് ആരോപണം. പോക്‌സോ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുളത്തൂര്‍, പോക്‌സോ

Similar News