മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി; കേരളത്തെ നാണം കെടുത്തി ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; 'എട്ടും പത്തും വയസുള്ള മക്കളുണ്ട്, കുടുംബം പോറ്റാനായി നാലുദിവസം മുന്‍പാണ് പാലക്കാടെത്തിയത്; ഒരു ക്രിമിനല്‍ കേസു പോലുമില്ല'; നൊമ്പരത്തോടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധു

മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി

Update: 2025-12-19 14:31 GMT

പാലക്കാട്: ഛത്തിസ്ഗഢ് സ്വദേശി രാം നാരായണന്‍ വയ്യാറിനെ വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണെന്ന് പോലീസ്. ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു കൊണ്ടാണ മര്‍ദ്ദനം നടന്നക് എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ ശേഷവും മര്‍ദ്ദനം തുടരുന്നു.

നാല് ദിവസം മുമ്പാണ് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണ്‍ പാലക്കാട് എത്തിയത് നാല് ദിവസം മുന്‍പെന്ന് കുടുംബം. മോഷ്ടാവല്ലെന്നും തൊഴില്‍തേടിയാണ് വന്നതെന്നും ഒരു കേസില്‍ പോലും പ്രതിയല്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. 'എട്ടും പത്തും വയസുള്ള രണ്ട് മക്കളുടെ പിതാവായ രാം നാരായണ്‍ കുടുംബം പോറ്റാനാണ് പാലക്കാടെത്തിയത്. ഇവിടെത്തെ ജോലി ഇഷ്ടപ്പെടാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ഇവിടെത്തെ വഴികളറിയാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു സ്ഥലത്ത് എത്തിപ്പെട്ടത്. ഒരു ക്രിമിനല്‍ കേസ് പോലും ഇല്ലാത്തയാളാണ്. മാനസിക പ്രശ്‌നങ്ങളുമില്ല. മദ്യപിക്കാറുണ്ട്. അങ്ങനെ വഴക്കിന് പോകുന്നയാളുമല്ല. നിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പോയി അന്വേഷിച്ചാല്‍ ബോധ്യമാകും.'- രാംനാരായണിന്റെ ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.

കൊല്ലപ്പെട്ട രാം നാരായണിന്റെ ശരീരത്തില്‍ നാല്‍പതിലധികം മുറിവുകളാണ് കണ്ടെത്തിയത്. നിലത്തിട്ട് ചവിട്ടി വലിച്ചതിന്റെയും പാടുകളുണ്ട്. മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടില്‍ അനു (38), മഹല്‍കാഡ് വീട്ടില്‍ പ്രസാദ് (34), മഹല്‍കാഡ് വീട്ടില്‍ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദന്‍ (55), വിനീത നിവാസില്‍ ബിപിന്‍ (30) എന്നിവരെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തിന് ഭാരതീയ ന്യായ സംഹിത 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകള്‍ക്കും സമീപം സംശയാസ്പദ രീതിയില്‍ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ഇവര്‍ മര്‍ദിച്ചെന്നും രക്തം ഛര്‍ദിച്ചെന്നുമാണ് അറിയുന്നത്.

അതേസമയം, കൈയില്‍ മോഷണവസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ ഇയാളെ രാത്രി ആറോടെ പൊലീസെത്തി ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ കുഴഞ്ഞുവീണു. ജില്ല ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. രാംനാരായണന്റെ പോസ്റ്റ്‌മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പൂര്‍ത്തിയാക്കി.

Tags:    

Similar News