തലയിലൊരു തൊപ്പിയും വച്ച് ഒരാളുടെ കടന്നുവരവ്; മുന്നിൽ അമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു കുഞ്ഞിനെ കണ്ടതും സ്വഭാവത്തിൽ മാറ്റം; പിന്നിലൂടെ ഓടിയെത്തി ഇയാൾ ചെയ്തത്; സിനിമകളിലെ സൈക്കോ വില്ലന്മാർ കാണിക്കുന്ന അതെ ക്രൂരത; ആ ദയനീയ ദൃശ്യങ്ങൾ വൈറലായപ്പോൾ സംഭവിച്ചത്

Update: 2025-12-19 11:50 GMT

ബെംഗളൂരു: ബെംഗളൂരു ബനശങ്കരിയിലെ ത്യാഗരാജ നഗറിൽ കുട്ടികൾക്ക് നേരെ യുവാവ് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തുകയും മറ്റ് കുട്ടികളെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയും ചെയ്ത രഞ്ജൻ എന്ന യുവാവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു.

സിനിമകളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ക്രൂരതയാണ് രഞ്ജൻ തെരുവിൽ അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അഞ്ചുവയസ്സുകാരനെ ഇയാൾ ചവിട്ടി തെറിപ്പിച്ചത്. ചവിട്ടേറ്റ കുട്ടി നിലത്തുവീണെങ്കിലും ഒന്നും സംഭവിക്കാത്ത ഭാവത്തിൽ ഇയാൾ നടന്നുനീങ്ങുകയായിരുന്നു. കുട്ടിയുടെ നെഞ്ചിനും നെറ്റിയിലും പരിക്കേറ്റു. കുട്ടിയുടെ അമ്മ പരാതി നൽകിയപ്പോൾ, പ്രതി മാനസിക രോഗിയാണെന്ന് വരുത്തിതീർത്ത് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ പ്രദേശത്തുനിന്നുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു പെൺകുട്ടി തന്റെ വീട്ടിലേക്ക് ഓടിക്കയറിയത് കൊണ്ട് മാത്രമാണ് ഇയാളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളുടെ തലയിൽ കൈമുട്ടുകൊണ്ട് ഇടിക്കുക, തലമുടി പിടിച്ചു വലിക്കുക തുടങ്ങിയ ക്രൂരതകൾ ഇയാൾ വിനോദമായി കണ്ടിരുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മുൻപ് ജിം ട്രെയിനറായിരുന്ന രഞ്ജൻ നിലവിൽ തൊഴിൽ രഹിതനാണ്.

പെൺകുട്ടികളെ ഉൾപ്പെടെ ശാരീരികമായി ഉപദ്രവിച്ചിട്ടും പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ചുമത്താൻ ബനശങ്കരി പോലീസ് തയ്യാറായിരുന്നില്ല. പോലീസിന്റെ ഈ അനാസ്ഥയ്ക്കെതിരെ വലിയ ജനരോഷം ഉയർന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം കടുക്കുകയും ചെയ്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. പ്രതിക്കെതിരെ പോക്സോ ചുമത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ രഞ്ജൻ ചെന്നൈയിലേക്ക് കടന്നതായാണ് വിവരം. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് നേരെ ഇത്തരത്തിൽ ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോലീസ് കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കിൽ പ്രതി രക്ഷപ്പെടില്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News