പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം; ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയും; ചൈല്‍ഡ് ലൈനില്‍ കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന: സ്വകാര്യബസ് കണ്ടക്ടര്‍ പോക്സോ കേസില്‍ പ്രതിയാകും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം
പത്തനംതിട്ട: ശൈശവിവാഹം നടത്തിയെന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏനാത്ത് സ്റ്റേഷന്‍ പരിധിയില്‍ 27 വയസുള്ള യുവാവിനെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. യുവാവ് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് തുടര്‍ നടപടി. ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയുമുണ്ട്.
ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടി യുവാവിനൊപ്പം താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായെന്ന് പോലീസിന് വിവരം ലഭിച്ചു. സ്വകാര്യ ബസില്‍ നിന്നു തുടങ്ങിയ പ്രണയത്തെ തുടര്‍ന്ന് ഇരുവരും നാടുവിടുകയായിരുന്നു. വയനാട്ടിലുള്ള യുവാവിന്റെ ബന്ധു വീട്ടിലായിരുന്നു ഏറെ നാള്‍ താമസം. കുട്ടി ജനിച്ചതിന് ശേഷമാണ് ഇവര്‍ കടമ്പനാട്ടുളള യുവാവിന്റെ വീട്ടില്‍ എത്തിയത്.
വരുന്ന ഏപ്രിലില്‍ മാത്രമേ പെണ്‍കുട്ടിക്ക് 18 വയസ് തികയുകയുള്ളൂവെന്ന് പോലീസ് കണ്ടെത്തി. മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്ന പെണ്‍കുട്ടി യുവാവിനൊപ്പം നാടുവിടുകയായിരുന്നു. രണ്ടു കൂട്ടരുടെയും മാതാപിതാക്കള്‍ക്ക് പരാതി ഇല്ല. ഇതിനിടെ സംശയം തോന്നി സമീപവാസികളില്‍ ആരോ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചുവെന്നാണ് കരുതുന്നത്.
പെണ്‍കുട്ടിയെയും യുവാവിനെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തു. പോക്സോ നിയമപ്രകാരം യുവാവിനെതിരേ കേസ് എടുക്കും. ഇയാള്‍ നേരത്തേ മറ്റൊരു പോക്സോ കേസിലും പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മുന്‍പ് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.