രാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിടും; പിന്നാലെ ബൈക്കിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി പോലീസ്; അന്വേഷണത്തിൽ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങള്‍
കോഴിക്കോട്: രാത്രിയില്‍ തനിച്ച് സഞ്ചരിക്കുന്ന യാത്രക്കാരെ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ സംഘത്തിലെ മുഴുവന്‍ പ്രതികളെയും പോലിസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കായലം സ്വദേശികളായ രാജു(25), വിജേഷ്(20), ചക്കുംകടവ് ഫാസില്‍(25), ചേളന്നൂര്‍ സായൂജ്(21), കുതിരവട്ടം സ്വദേശി പ്രവീണ്‍(22) എന്നിവരെയാണ് കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. കേസിലെ പ്രധാന പ്രതി ആനമാട് സ്വദേശി ഷംസീറി(21)നെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 27, 28 മെയ് ഒന്ന് ദിവസങ്ങളിലാണ് കവര്‍ച്ച നടന്നത്. രാത്രി സമയങ്ങളിലാണ് കവർച്ച നടത്തിയിരുന്നത്. തനിച്ച് സഞ്ചരിക്കുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും പിന്നീട് ബൈക്കില്‍ സമീപത്തെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും പിടിച്ച് പറിച്ച ശേഷം കടന്നു കളയുകയുമാണ് പ്രതികളുടെ രീതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് നാവെഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. വിവിധയിടങ്ങളില്‍ നിന്നാണ് പ്രതികൾ അറസ്റ്റിലായത്.
സംഘം സഞ്ചരിച്ച വാഹനവും കത്തിയും മോഷ്ടിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇവര്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍, എസ്‌ഐ രാജേന്ദ്ര കുമാര്‍, എഎസ്‌ഐമാരായ സജേഷ് കുമാര്‍, രജീഷ്, കെ ഷീബ, സീനിയര്‍ സിപിഒ മാരായ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിത്താര, എന്‍ രജീഷ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, പി ബൈജു, സികെ സുജിത്ത്, എന്‍ ദിപിന്‍ എന്നിവരടങ്ങിയ സംഘമാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.