പുലർച്ചെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്നത് ഇന്നോവ; കാറിന് പിന്നിൽ ഒളിച്ച് നിന്നത് നാല് പേർ; ചോദ്യം ചെയ്യലിൽ പരുങ്ങൽ; പരിശോധനയിൽ നമ്പർ പ്ലേറ്റ് വ്യാജം; ക്വട്ടേഷൻ സംഘത്തിന്റെ പ്ലാൻ പൊളിച്ച് പോലീസ്
കൽപ്പറ്റ: ബെംഗളൂരുവിൽ നിന്നെത്തുന്ന വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്താനായി കാത്തുനിന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ കൽപ്പറ്റ വിനായകയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാഹനത്തിന്റെ പിന്നിൽ ഒളിച്ച് നിന്ന ഇവരെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കവർച്ചാ ശ്രമം പുറത്തറിഞ്ഞത്.
കണ്ണൂർ സ്വദേശികളായ മുഴക്കുന്ന് കയമാടൻ വീട്ടിൽ എം. ഷനീഷ് (42), പരിയാരം പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43), വിളക്കോട്പറയിൽ വീട്ടിൽ കെ.വി. ഷംസീർ (34), വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്. നിസാമുദ്ധീൻ (32) എന്നിവരാണ് പിടിയിലായത്. ഇവരിൽ ഷനീഷ് വധശ്രമം, കവർച്ച, ആയുധം കൈവശം വെക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്. രണ്ടാം പ്രതിയായ സജീവനും മുൻകാല കുറ്റവാളിയാണ്.
രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന കൽപ്പറ്റ കൺട്രോൾ റൂം എ.എസ്.ഐ. സി. മുജീബ്, ഡ്രൈവർ എ.എസ്.ഐ. നെസ്സി, സിവില് പോലീസ് ഓഫീസർ ജാബിർ എന്നിവരാണ് സംശയാസ്പദമായ രീതിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ ശ്രദ്ധിച്ചത്. വാഹനത്തിനടുത്തെത്തിയപ്പോൾ പിന്നിൽ ഒളിച്ച് നിന്ന നാലുപേരെയും ചോദ്യം ചെയ്തെങ്കിലും അവർ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്.
വിശദമായ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും ബെംഗളൂരുവിൽ നിന്നെത്തുന്ന വാഹനം കവർച്ച ചെയ്യാനാണ് ഇവർ കാത്തുനിന്നതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്‍, ജൂനിയര്‍ എസ്.ഐ കെ. സിന്‍ഷ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷഹീര്‍, വിനീഷ് എന്നിവരും, വൈത്തിരി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സജേഷ് സി. ജോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഖാലിദ്, സുഭാഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കൂടി സ്ഥലത്തെത്തിയാണ് കവര്‍ച്ച നടത്താന്‍ ലക്ഷ്യമിട്ട് നിന്ന സംഘത്തെ വാഹനം സഹിതം കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചത്.