ആ പൊന്നോമന പെറ്റമ്മയുടെ സുരക്ഷിത കരങ്ങളിൽ എത്തിയതും ചുറ്റും വൈകാരികമായ രംഗങ്ങൾ; മകളെ വാരിപ്പുണർന്ന് കവിളത്ത് മുത്തം നൽകി വരവേൽക്കുന്ന കാഴ്ച; ചുമലിലേക്ക് ചാഞ്ഞ് കുഞ്ഞും; അസാധാരണ നിമിഷത്തിന് സാക്ഷ്യം വഹിച്ച് പോലീസും; സ്വന്തം ബന്ധുക്കളാൽ അഞ്ച് വയസ്സുകാരി കൊടും ക്രൂരതയ്ക്ക് ഇരയായ സംഭവം ഇങ്ങനെ

Update: 2025-11-28 09:21 GMT

മുംബൈ: മുംബൈയിൽ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയെ രണ്ട് ദിവസത്തിനുള്ളിൽ കണ്ടെത്തി അമ്മയെ ഏൽപ്പിക്കുന്നതിൻ്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ മുംബൈ പോലീസ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വക്കോല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്.

മകളെ കാണാനില്ലെന്ന് കാണിച്ച് ഒരു സ്ത്രീ വക്കോല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോലീസ് ഉടൻ തന്നെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ, കുട്ടിയുടെ അമ്മാവനായ ലോറൻസ് നിക്കിൾസ് ഫെർണാണ്ടസും അയാളുടെ ഭാര്യ മംഗൾ ദഗ്ഡു ജാദവും ചേർന്ന് കുട്ടിയെ കൊണ്ടുപോകുന്നത് പോലീസ് തിരിച്ചറിഞ്ഞു.

ഇരുവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അവർ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വിറ്റതായി പോലീസ് കണ്ടെത്തി. ആദ്യം 90,000 രൂപയ്ക്കാണ് ഇവർ കുട്ടിയെ മറ്റൊരു സംഘത്തിന് വിറ്റത്. അമ്മാവനെയും അമ്മായിയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയെ വാങ്ങിയ സംഘത്തെ പോലീസ് കണ്ടെത്തിയെങ്കിലും, അവർ കുട്ടിയെ അതിനകം മറ്റൊരാൾക്ക് മറിച്ച് വിറ്റിരുന്നു. രണ്ടാമത്തെ വിൽപന 1,89,000 രൂപയ്ക്കായിരുന്നു.

തുടർന്ന് ആ സംഘത്തെയും കണ്ടെത്തിയ പോലീസ്, പൻവേലിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ പല കൈകൾ മാറിയ കുട്ടിയെ ഒടുവിൽ വക്കോല പോലീസ് സ്റ്റേഷനിൽ വെച്ച് അമ്മയെ ഏൽപ്പിച്ചു. മഫ്റ്റിയിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തോളിൽ ചാരിയിരുന്ന കുട്ടി, അമ്മയെ കണ്ടതും അമ്മയുടെ ചുമലിലേക്ക് ചായുന്ന രംഗങ്ങൾ അതിവൈകാരികമായിരുന്നു. സന്തോഷം കൊണ്ട് വിതുമ്പിയ അമ്മയെയും വീഡിയോയിൽ കാണാം. കുട്ടിയെ ആശ്വസിപ്പിക്കാനായി പോലീസ് ഉദ്യോഗസ്ഥൻ ഒരു വലിയ കാഡ്ബറി സെലിബ്രേഷൻസ് ചോക്ലേറ്റ് ബോക്സും സമ്മാനിച്ചു.

ഈ വൈകാരിക നിമിഷങ്ങൾ മുംബൈ പോലീസ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി അമ്മയെ ഏൽപ്പിച്ച മുംബൈ പോലീസിൻ്റെ കഴിവിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം അഭിനന്ദിച്ചു. കുട്ടിയെ കണ്ടെത്താൻ വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ കുട്ടി കൂടുതൽ കൈമാറ്റം ചെയ്യപ്പെടുമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ കുട്ടിയുടെ അമ്മാവനും അമ്മായിയും ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Tags:    

Similar News