കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴിതടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍; മൂന്ന് സ്വകാര്യ ബസുകള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് എംവിഡി

കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴിതടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍

Update: 2025-02-03 08:38 GMT

തൃശൂര്‍: തൃശൂര്‍ കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴിതടഞ്ഞ് മരണപാച്ചില്‍ നടത്തിയ മൂന്ന് സ്വകാര്യ ബസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും. ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ സ്വകാര്യ ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി തൃപ്രയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

മൂന്ന് ബസുകളിലെ നിയമ ലംഘനമാണ് കണ്ടെത്തിയത്. ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാന്‍ എടപ്പാളിലുള്ള ഐ ഡി ടി ആര്‍ ലേക്ക് അയക്കും. 5 ദിവസമായിരിക്കും പരിശീലനമെന്നും ദിലീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കാഞ്ഞാണി സെന്ററില്‍ കണ്ടക്ടര്‍മാര്‍ ബസില്‍ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഡ്രൈവര്‍ക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എംവിഐ അറിയിച്ചു. ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് രോഗിയുമായി പോയ ആംബുലന്‍സിനെ സ്വകാര്യ ബസ്സുകള്‍ വഴിമുടക്കിയത്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.

സ്വകാര്യ ബസുകള്‍ മനഃപ്പൂര്‍വം ആംബുലന്‍സിന്റെ വഴിമുടക്കി എന്നായിരുന്നു പരാതി. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര 'സര്‍വതോഭദ്ര'-ത്തിന്റെ ആംബുലന്‍സിനാണ് സ്വകാര്യ ബസുകള്‍ വഴി കൊടുക്കാതിരുന്നത്. ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസ്സുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്.

ഒരു വരിയില്‍ ബ്ലോക്കില്‍പ്പെട്ട് വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകള്‍ സൈഡ് കൊടുത്തില്ല. ഇത് ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ബസുകള്‍ ചേര്‍ന്ന് റോങ്ങ് സൈഡില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടയുകയായിരുന്നു.

Tags:    

Similar News