അവിവാഹിതരെ ചതിച്ച് പണമുണ്ടാക്കാന്‍ തീരുമാനിച്ച വിവാഹം മുടങ്ങിയ അനിലിന്റെ പക; ഗോണിക്കുപ്പയിലെ അവിവാഹിതയേയും ഒറ്റയ്ക്ക് താമസിച്ച മറ്റൊരാളേയും പറ്റിച്ചവര്‍ അടുത്ത ഇരയാക്കിയത് കണ്ണൂര്‍ കൊയിലി ആശുപത്രിയുടെ പാര്‍ട്‌നറെ; തോട്ടം വില്‍പ്പനയ്ക്ക് എത്തിയവര്‍ പ്രദീപിനെ കൊന്നു തള്ളി; കുടകിലേത് പ്രണയ പകയിലെ മോഷണ കൊല

Update: 2025-05-04 06:17 GMT
അവിവാഹിതരെ ചതിച്ച് പണമുണ്ടാക്കാന്‍ തീരുമാനിച്ച വിവാഹം മുടങ്ങിയ അനിലിന്റെ പക; ഗോണിക്കുപ്പയിലെ അവിവാഹിതയേയും ഒറ്റയ്ക്ക് താമസിച്ച മറ്റൊരാളേയും പറ്റിച്ചവര്‍ അടുത്ത ഇരയാക്കിയത് കണ്ണൂര്‍ കൊയിലി ആശുപത്രിയുടെ പാര്‍ട്‌നറെ; തോട്ടം വില്‍പ്പനയ്ക്ക് എത്തിയവര്‍ പ്രദീപിനെ കൊന്നു തള്ളി; കുടകിലേത് പ്രണയ പകയിലെ മോഷണ കൊല
  • whatsapp icon

ഇരിട്ടി : കണ്ണൂര്‍ കൊയിലി ആശുപത്രിയുടെ പാര്‍ട്‌നറും തോട്ടം ഉടമയുമായ പ്രദീപ് കൊയിലിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രധാന പ്രതിയുടെ വിവാഹ മോഹം. കൊലയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശികളായ 5 പേരെ ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എന്‍.എസ്.അനില്‍ (25), സോംവാര്‍പേട്ട അല്ലൂര്‍ക്കാട്ടെ ദീപക് (ദീപു 21), സോംവാര്‍പേട്ട നെരുഗലെ സ്റ്റീഫന്‍ ഡിസൂസ (26), സോംവാര്‍പേട്ട ഹിതലമക്കി എച്ച്.എം.കാര്‍ത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി.എസ്.ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നാണ് രസകരമായ കൊലപാതക കാരണം പോലീസ് അറിയുന്നത്.

ഇവരില്‍നിന്ന് രണ്ടു ബൈക്കുകള്‍, ഇവിടെനിന്നു കളവു ചെയ്ത 13,03,000 രൂപ, കൊല്ലപ്പെട്ട പ്രദീപിന്റേതടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍, പ്രദീപിന്റെ സ്വത്തിന്റെ രേഖകള്‍ എന്നിവ കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതി അനില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോലിയും സ്വത്തുമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചു. ഇതിനെത്തുടര്‍ന്ന് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹാസന്‍, പൊന്നമ്പേട്ട എന്നിവിടങ്ങളില്‍ ഭൂമിയില്‍ നിധിയുണ്ടെന്ന് പറഞ്ഞ് പലരെയും ഇവര്‍ കബളിപ്പിച്ചിരുന്നു

ഗോണിക്കുപ്പയിലെ ഒരു അവിവാഹിതയെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ധാരാളം സ്വത്തുള്ളവരെയും സൗഹൃദം നടിച്ച് പറ്റിച്ചു. പ്രദീപ് കൊയിലി അവിവാഹിതനാണെന്നും ധാരാളം സ്വത്തിന്റെ ഉടമയാണെന്നും അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ ഭൂമി വാങ്ങാനെന്നു പറഞ്ഞ് പരിചയപ്പെട്ടത്. സ്വത്തിനു വിലപറയുകയും ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. പിന്നീട് വകവരുത്തി. കുടകിലെ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞ മാസം 23നാണ് പ്രദീപിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

വിരാജ്‌പേട്ട സബ് ഡിവിഷന്‍ ഡിഎസ്പി എസ്.മഹേഷ്‌കുമാര്‍, ഗോണിക്കുപ്പ സര്‍ക്കിള്‍ സിപിഐമാരായ ശിവരാജ് മുധോള്‍, അനൂപ് മടപ്പാപ്പി, ഗോണിക്കൊപ്പ സ്റ്റേഷന്‍ പിഎസ്‌ഐ പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. അറസ്റ്റിലായവരില്‍ നിന്നും നിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ടു ബൈക്കുകള്‍, ഇവിടെ നിന്നും കളവു ചെയ്ത 13,03,000 രൂപ, കൊലചെയ്യപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകള്‍ എന്നിവ പൊലീസ്‌കണ്ടെടുത്തു. കൊലപാതകം നടത്തിയ ശേഷം വീട്ടിലെ നിരീക്ഷണക്യാമറകള്‍ നശിപ്പിക്കാനുള്ള ശ്രമവും പ്രതികള്‍ നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപിനെ കൊന്നത്. വൈകിട്ടാണ് പ്രദീപിന്റെ മൃതദേഹം വിരാജ്‌പേട്ട ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയത്. വാഹനങ്ങളുടെ വീല്‍ ക്യാപ്പില്‍ ഉപയോഗിക്കുന്ന ടാഗ് മുറുക്കിയാണു കൊലയെന്നാണ് കേസ് അന്വേഷിക്കുന്ന ഗോണിക്കുപ്പ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്. കൊല്ലപെട്ട ദിവസം മൂന്നുപേര്‍ ഇറങ്ങിപോകുന്ന ദൃശ്യങ്ങള്‍ വീടിനു പുറത്തുള്ള ക്യാമറയില്‍ പതിഞ്ഞതു പൊലീസ് ശേഖരിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. കൊയിലി ആശുപത്രി ഉടമകളിലൊരാളായ പ്രദീപ് ഏറെകാലമായി കുടകില്‍ കൃഷിയുമായി കഴിയുകയായിരുന്നു. പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയില്‍ 32 ഏക്കര്‍ കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. വര്‍ഷങ്ങളായി വിരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി കഴിയുകയാണ് പ്രദീപ്.

കൂത്തുപറമ്പ് സ്വദേശിയായ ഒരാളാണ് തോട്ടത്തില്‍ പ്രദീപിന്റെ സഹായിയായി ജോലിചെയ്യുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇയാള്‍ പ്രദീപിന്റെ താമസസ്ഥലത്തെ കോളിങ് ബെല്‍ അമര്‍ത്തി. എന്നാല്‍, പ്രതികരണമൊന്നും ഉണ്ടായില്ല. വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടി താക്കോലുമായാണ് കൊലയാളികള്‍ രക്ഷപ്പെട്ടത്. വീടിന്റെ മറ്റൊരു താക്കോല്‍ സഹായിയുടെ കൈവശമായിരുന്നു. വൈകീട്ട് ഈ താക്കോലുമായി തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് കിടക്കവിരിയില്‍ കെട്ടിവെച്ചനിലയില്‍ പ്രദീപിന്റെ മൃതദേഹം കണ്ടത്. പ്രദീപിന്റെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവനിലേറെ തൂക്കംവരുന്ന സ്വര്‍ണമാല, മൊബൈല്‍ എന്നിവ കാണാതായിരുന്നു. ഒരു ബാഗും നഷ്ടപ്പെട്ടു. ഇതോടെ മോഷണമാണ് കൊലപാതക കാരണമെന്നും വ്യക്തമായിരുന്നു.

Tags:    

Similar News