റമീസ് 'ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കട്ടി; മകന്റെ തെറ്റ് തിരുത്താത്ത അച്ഛനും അമ്മയും; മകന്റെ കാമുകിയെ മതം മാറ്റത്തിനും നിര്‍ബന്ധിച്ചു; സേലത്ത് നിന്നും ഉമ്മയും ബാപ്പയും അറസ്റ്റില്‍; ചോദ്യം ചെയ്യലുകള്‍ നിര്‍ണ്ണായകം

Update: 2025-08-18 08:31 GMT

കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. നിലവില്‍ റിമാന്‍ഡില്‍ ഉള്ള റമീസിനായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടുന്ന മുറയ്ക്ക് വിശദമായ ചോദ്യം ചെയ്യും. യുവതി ആത്മഹത്യ ചെയ്തത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആണ്‍സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണെന്നാണ് പൊലീസിന്റെ നിഗമനം.

റമീസ് തന്റെ ഫോണ്‍ പോലുമെടുക്കാത്തത്, പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കേസില്‍ റമീസിന്റെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍ . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കുന്നത്. ആത്മഹത്യാ കുറിപ്പില്‍ ഇവര്‍ക്കെതിരേയും പരാമര്‍ശമുണ്ടായിരുന്നു., കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാര്‍ത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് 'ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും, വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും കുറിപ്പിലുണ്ട്. റമീസ് ചെയ്ത തെറ്റുകള്‍ മനസ്സിലായിട്ടും അവന്റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. തന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞെന്നും കുറിപ്പിലുണ്ട്. യുവതിയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടശേഷം മതംമാറണം എന്നാവശ്യപ്പെട്ട് മര്‍ദിച്ചതായി യുവതിയുടെ സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു. റമീസിനൊപ്പം മാതാപിതാക്കളും റമീസിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മതംമാറ്റിയെടുക്കുക മാത്രമായിരുന്നു റമീസിന്റെ ലക്ഷ്യമെന്നും യുവതിയുടെ മാതാവ് പറഞ്ഞു. റമീസിന്റെ കൂട്ടുകാരന്‍ സമദും കസ്റ്റഡിയിലായി.

മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. മതംമാറ്റ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. സത്യമെന്നുതെളിഞ്ഞാല്‍ റമീസിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകര്‍ന്ന പെണ്‍കുട്ടിയെ റമീസും വീട്ടുകാരും കൂടുതല്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

റമീസിന്റെ വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ട് യുവതിയെ റമീസും കുടുംബാംഗങ്ങളും മര്‍ദിച്ചുവെന്ന് യുവതിയുടെ സഹോദരന്‍ പറയുന്നു. ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നീടത് ആത്മഹത്യാപ്രേരണക്കുറ്റമായി. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍നിന്നാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തത്.

Tags:    

Similar News