പ്രണയം തലയ്ക്ക് പിടിച്ചതോടെ ഒരുമിച്ച് ജീവിക്കണമെന്ന മോഹം; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ആ കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഇറങ്ങിപ്പോയ അർച്ചന; വീട്ടിൽ കൊണ്ടുവന്ന അന്ന് മുതൽ അവൾ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങൾ; ഒടുവിൽ സന്തോഷവതിയായി മകൾ ജീവിക്കുമെന്ന പ്രതീക്ഷകളെ തച്ചോടിച്ച് വീട്ടുകാർ അറിയുന്നത് ദാരുണ വാർത്തയും; ഭര്‍ത്താവിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുമ്പോൾ
തൃശൂർ: വരന്തരപ്പള്ളി മാട്ടുമലയിൽ ആറ് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീടിന്റെ പിന്നാമ്പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് ഞെട്ടലുണ്ടാക്കി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യയും, നന്തിപുലം മനക്കലക്കടവ് ഹരിദാസിന്റെ മകളുമായ അർച്ചനയാണ് (20) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തുന്നത്.
സംഭവത്തെ തുടർന്ന് അർച്ചനയുടെ ഭർത്താവ് ഷാരോണിനെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണം കൊലപാതകമാണെന്ന് ആരോപിച്ച് അർച്ചനയുടെ കുടുംബം പോലീസിൽ ശക്തമായ പരാതി നൽകിയിരിക്കുകയാണ്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഷാരോണിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രണയത്തിലായിരുന്ന ഷാരോണും അർച്ചനയും ആറുമാസം മുമ്പാണ് വിവാഹിതരായത്.
ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു
ഭർതൃവീട്ടിൽ അർച്ചന കടുത്ത മാനസിക-ശാരീരിക പീഡനം അനുഭവിച്ചിരുന്നതായി അർച്ചനയുടെ പിതാവ് ഹരിദാസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. "അവൻ മോളെ തല്ലിക്കൊന്നതാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അവനും അവന്റെ അമ്മയും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു," ഹരിദാസ് പറഞ്ഞു.
വിവാഹം കഴിഞ്ഞത് മുതൽ അർച്ചനയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഷാരോൺ അനുവാദം നൽകിയിരുന്നില്ല. എന്ത് ചെയ്താലും ഷാരോണിന് സംശയമായിരുന്നു. ഒറ്റയ്ക്ക് ഒരിടത്തേക്കും പോകാൻ അവളെ അനുവദിച്ചിരുന്നില്ല. സംശയരോഗത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഒരിക്കൽ അളഗപ്പ കോളേജിന് സമീപം വെച്ച് ഷാരോൺ അർച്ചനയെ റോഡിൽവെച്ച് തല്ലിയ സംഭവത്തിൽ അന്നവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും അർച്ചനയുടെ കുടുംബം പറയുന്നു.
പീഡനം സഹിക്കാതെ തിരികെ വിളിച്ചിരുന്നു
ഭർതൃവീട്ടിൽ നിന്ന് നിരന്തരമായി പീഡനം നേരിടുന്നതിനിടെ അർച്ചനയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബം ശ്രമിച്ചിരുന്നു. എന്നാൽ ഗർഭിണിയായിരുന്നതിനാലും ഷാരോണുമായുള്ള അടുപ്പത്താലും അർച്ചന മടങ്ങിപ്പോകാൻ തയ്യാറായില്ല. എന്നാൽ, "അർച്ചനയെ കൊല്ലുമെന്ന് ഷാരോൺ അവളുടെ ചേച്ചിയോട് പറഞ്ഞിരുന്നു," എന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് ഭർതൃവീട്ടുകാരുടെ മൊഴി
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ഷാരോണിന്റെ അമ്മ പോയ സമയത്താണ് സംഭവം. അവർ തിരിച്ചെത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെതെന്നാണ് ഭർതൃവീട്ടുകാർ പോലീസിനോട് നൽകിയ മൊഴി. വീടിനുള്ളിൽ വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാം എന്നാണ് ഭർതൃവീട്ടുകാർ നൽകുന്ന സൂചന. എന്നാൽ ശരീരത്തിൽ പൊള്ളലേറ്റതിന് ശേഷം പുറകിലെ കോൺക്രീറ്റ് കാനയിൽ എങ്ങനെയാണ് മൃതദേഹം എത്തിയത് എന്നതിലും ദുരൂഹതയുണ്ട്.
അതേസമയം, അർച്ചനയുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതിന് മുൻപ് വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധരെത്തി വിശദമായ പരിശോധനകൾ നടത്തി. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.
യുവതിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഒരുപോലെ കാരണമായിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഭർത്താവ് ഷാരോണിന്റെ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
