പോളോ കാറില്‍ സിനിമാ സ്‌റ്റൈലില്‍ 'എസ്‌കേപ്പ്'; സിസി ടിവി ക്യാമറകള്‍ ഇല്ലാത്ത റോഡുകള്‍ മാത്രം നോക്കി യാത്ര; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ചുവന്ന കാര്‍! ഒളിവില്‍ കഴിയുന്നതിനിടെ പരാതിക്കാരിക്ക് എതിരെ മൂന്നു പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
പരാതിക്കാരിക്ക് എതിരെ മൂന്നു പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: തനിക്ക് എതിരായ ബലാല്‍സംഗ പരാതിയില്‍, ഒളിവില്‍ കഴിയുന്നതിനിടെ പരാതിക്കാരിക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് പ്രധാന തെളിവുകളാണ് രാഹുല്‍ ഹാജരാക്കിയത്.
പരാതിക്കാരിയുടെ മൊഴിയെ ഖണ്ഡിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ തെളിവുകള്‍, കേസില്‍ രാഹുലിന് അനുകൂലമായ വഴിത്തിരിവ് ഉണ്ടാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇവയാണ്:
ഫോട്ടോകള്‍, പരാതിക്കാരിയുമായുള്ള സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റായ വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ കോളുകളുടെ റെക്കോഡുകള്‍ എന്നിവയാണ് നല്‍കിയത്.
പെന്‍ഡ്രൈവിലായി ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. ഈ തെളിവുകളുടെ ഉള്ളടക്കം എന്താണെന്നതില്‍ ഇപ്പോള്‍ സസ്പെന്‍സ് തുടരുകയാണ്.
പോലീസിനെ വെള്ളം കുടിപ്പിച്ച് 'ഒളിച്ചോട്ടം'
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ഫ്‌ലാറ്റ് വിട്ട് ഒളിവില്‍ പോയത് അതിസൂക്ഷ്മമായാണെന്ന് പോലീസ് കണ്ടെത്തി. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയ ശേഷം സിസിടിവി ക്യാമറകള്‍ ഇല്ലാത്ത റോഡുകള്‍ മാത്രം തിരഞ്ഞെടുത്താണ് രാഹുല്‍ സഞ്ചരിച്ചത്. രാഹുലിനെ പിന്തുടരുന്ന പോലീസിനെ കബളിപ്പിക്കാനായി, രാഹുല്‍ സഞ്ചരിച്ച ചുവന്ന കാര്‍ മാത്രമായി പല വഴികളിലൂടെ സഞ്ചരിച്ചതായും സൂചനയുണ്ട്.
സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ വിശദമായ സിസിടിവി പരിശോധനകള്‍ക്ക് ശേഷവും രാഹുല്‍ പോയ കൃത്യമായ റൂട്ട് അവ്യക്തമായി തുടരുകയാണ്. ഇന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന പോലീസ് ഊര്‍ജ്ജിതമായി തുടരുന്നു.
ജില്ലകളില്‍ പോലീസ് വല: അറസ്റ്റിന് തടസ്സമില്ല
ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായി തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.
രാഹുലിനെ കണ്ടെത്താനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ, ഓരോ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പോലീസ് മുന്നോട്ട് പോകുന്നത്. രാഹുലിനെ വലയിലാക്കാന്‍ അധികം വൈകില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
