രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടില്‍; പോലീസെത്തും മുമ്പേ മുങ്ങി; ഒളിവില്‍ പാര്‍ക്കാന്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നെന്നും സൂചന; ചുവന്ന പോളോ കാര്‍ വിട്ടുനല്‍കിയത് യുവനടിയെന്ന് സ്ഥിരീകരണം; നടിയെ ചോദ്യം ചെയ്യാന്‍ നീക്കം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടില്‍

Update: 2025-12-02 10:05 GMT

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പുതിയ പീഡന പരാതി വരുമ്പോഴും എംഎല്‍എ ആറാം ദിവസവും ഒളിവിലാണ്. രാഹുല്‍ ഒളിവില്‍ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടിലെന്നാണ് പുറത്തുവരുന്ന വിവരം. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങി. ഞായറാഴ്ചയാണ് രാഹുല്‍ റിസോര്‍ട്ടിലെത്തിയതെന്നും അതിന് ശേഷം കര്‍ണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

ഒളിവിലെ യാത്ര: പോളോ കാര്‍ ഒരു യുവനടിയുടേത്?

ഒളിവിലുള്ള എംഎല്‍എ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നാണ് വിവരം. പാലക്കാട് നിന്ന് രാഹുല്‍ സഞ്ചരിക്കുന്ന ചുവന്ന പോളോ കാര്‍ ഒരു സിനിമാ നടിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ഈ വാഹനം. ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിന് കൈമാറിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിലുള്ള നടിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്.

ഈ കാര്‍ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണെന്ന സൂചനയും പോലീസിന് ലഭിച്ചു. രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായിച്ചോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇതോടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്ന ബിജെപി ആരോപണം ശക്തമാവുകയാണ്. എന്നാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ ഈ ആരോപണം നിഷേധിച്ചു.

തമിഴ്നാട് വഴി കര്‍ണ്ണാടകയിലേക്ക്

വ്യാഴാഴ്ച വൈകീട്ട് പാലക്കാട് വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം പോയത് പൊള്ളാച്ചിക്കാണ്. പിന്നീട് ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് കടന്നതെന്നും പോലീസ് കരുതുന്നു. എംഎല്‍എ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജാമ്യം ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇനി രാഹുലിന്റെ നീക്കങ്ങള്‍.

Tags:    

Similar News