യുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല; ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെ ഗൗരവം തിരിച്ചറിഞ്ഞു; വിശ്വസ്തനായ സുഹൃത്ത് മുഖേന ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ കൈമാറി; കഥകള്‍ പലവിധം; പക്ഷേ 'ഇരകളുടെ' മൊഴി മാത്രമില്ല; മാങ്കൂട്ടത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്‍
തിരുവനന്തപുരം: പലതരം തിയറികള്‍ വരുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങുന്നത് പ്രതിസന്ധിയിലേക്ക് തന്നെ. സമൂഹ മാധ്യമത്തിലൂടെയാണ് രാഹുല്‍ പരിചയപ്പെട്ടതെന്നും തുടക്കംമുതല്‍ അശ്ലീല മെസേജുകള്‍ അയച്ചതായും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും യുവനടി അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറി. എന്നാല്‍ നടിയും നിയമ നടപടിക്ക് സന്നദ്ധയല്ല. അതിനിടെ ഗര്‍ഭഛിദ്രം നടത്തിയ യുവതി പരാതിയുമായി മുന്നോട്ടുപോകില്ലെന്ന സന്ദേശം വീണ്ടും അന്വേഷകര്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമകേസില്‍ അതിജീവിതമാര്‍ നേരിട്ട് പരാതിനല്‍കാന്‍ തയ്യാറാകാത്തതിന് കാരണം ഭീഷണിയും സമ്മര്‍ദവുമെന്ന് സംശയവും ക്രൈബ്രാഞ്ച് കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇക്കാര്യം ക്രൈംബ്രാംഞ്ച് പ്രത്യേകം അന്വേഷിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാര്‍ അതിജീവിതമാരെയും കുടുംബാംഗങ്ങളെയും ബന്ധപ്പെട്ടതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. മാങ്കൂട്ടത്തിലിനെതിരെ മൊഴിയും തെളിവുകളും നല്‍കിയിട്ടും നിയമപരമായി മുന്നോട്ട് പോകാനില്ലെന്നാണ് അതിജീവിതമാര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
അതിനിടെ ഇരയ്ക്ക് പരാതിയില്ലെങ്കില്‍ എന്തിനാണ് ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന ചോദ്യവും സജീവം. അതും ക്രിമിനല്‍ കുറ്റമായി വിലയിരുത്തുന്നവരുണ്ട്. ഭീഷണിപ്പെടുത്തി അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയത് ഗുരുതര കുറ്റമാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസെടുക്കാനാകുമോയെന്ന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. പൊലീസ് മേധാവിക്ക് പരാതി നല്‍കിയവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. യുവതി ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിയെത്തുടര്‍ന്നാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ ഗര്‍ഭഛിദ്രത്തില്‍ ബംഗ്ലൂരു ആശുപത്രിയെ ഒഴിവാക്കി പുതിയ കഥയും വരുന്നുണ്ട്. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കുകയായിരുന്നെന്നാണ് വിവരം. ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ വ്യവസായിക്കും പങ്കുള്ളതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അടുത്ത സുഹൃത്ത് സഹായിച്ചതായാണ് അഭ്യൂഹം. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ വ്യവസായി ആണെന്ന് ക്രൈം ബ്രാഞ്ചിന് സൂചന ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രത്തിനായി ഇയാളും യുവതിയെ ഭീഷണിപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ ഇയാളും അന്വേഷക സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് ക്രൈംബ്രാഞ്ച് പ്രതികരിക്കുന്നുമില്ല.
ഇരയായ യുവതികളില്‍ ഒരാള്‍ നടത്തിയത് അശാസ്ത്രീയ ഗര്‍ഭം അലസിപ്പിക്കലെന്നാണ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നിര്‍ബന്ധിത ഗര്‍ഭചിദ്രം നടത്താന്‍ ഗുളിക കഴിച്ചതോടെ രക്തസ്രാവം അനിയന്ത്രിതമായതായും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. ഇരയായ തിരുവനന്തപുരം ജില്ലക്കാരിയായ 26കാരിക്ക് വിവാഹം കഴിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പു നല്‍കിയിരുന്നതായും ഈ ഉറപ്പില്‍ കുഞ്ഞിന് ജന്മം നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നുമാണ് വിവിധ ചാനലുകള്‍ അടക്കം പുറത്തു വിട്ട റിപ്പോര്‍ട്ട്.
യുവതി ഗര്‍ഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുല്‍ വിശ്വസിച്ചിരുന്നില്ല. ഒടുവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച 16 ആഴ്ച പിന്നിട്ടതോടെയാണ് ഗൗരവം തിരിച്ചറിഞ്ഞതെന്നും പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയും തന്റെ വിശ്വസ്തനുമായ സുഹൃത്ത് മുഖേന രാഹുല്‍ ഗര്‍ഭഛിദ്രത്തിനുള്ള രണ്ട് ഗുളികകള്‍ യുവതിക്ക് കൈമാറി. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന മരുന്നാണിത്. മരുന്നുകള്‍ കഴിച്ചതിന് പിന്നാലെ രക്തസ്രാവം അനിയന്ത്രിതമായതോടെ യുവതി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കഥയുണ്ട്.
ഇതുവരെ മാങ്കൂട്ടത്തിലിനെതിരെ 10ല്‍ അധികം പേരുടെ മൊഴിയാണ് അന്വേഷക സംഘം രേഖപ്പെടുത്തിയത്. മാധ്യമങ്ങളിലും സമൂഹമാധ്യങ്ങളിലും വെളിപ്പെടുത്തല്‍ നടത്തിയ രണ്ട് അതിജീവിതകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. രണ്ടു പേരും കേസുമായി മുമ്പോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്. എന്നാല്‍ വിവരങ്ങള്‍ നിഷേധിച്ചതുമില്ല. തെളിവും നല്‍കി. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റിലെ ഡിവൈഎസ്പി ഷാജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദേശം അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.