കൊച്ചിയില്‍ റാണ എത്തിയത് 'തടിയന്റവിടെ നസീറിന്റെ' അനുയായിയെ കാണാനോ? കസ്റ്റഡിയിലുണ്ടെന്ന് പറയുന്ന സഹായിയുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ എന്‍ഐഎ; കനേഡിയന്‍ മറയൊരുക്കി കേരളത്തിലെത്തിയതും തീവ്രവാദ പ്രവര്‍ത്തനത്തിന്; എല്ലാം തുറന്നു പറഞ്ഞ് റാണ; ഭീകരതയുടെ ചുരുകളുകള്‍ അഴിച്ച് കേന്ദ്ര ഏജന്‍സി
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യ്ക്ക് കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍. ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ചോദ്യം ചെയ്യുന്നുണ്ട്. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം, റാണയുടെ വൈദ്യപരിശോധന ഉറപ്പാക്കാനും അഭിഭാഷകനെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കാനും ശ്രമിക്കുന്നുണ്ടെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു. സിജിഒ കോംപ്ലക്സിലെ ഭീകരവിരുദ്ധ ഏജന്‍സിയുടെ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും കാവലുണ്ട്. റാണയുടെ കൊച്ചി സന്ദര്‍ശനം അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിനു മുമ്പ് തഹാവുര്‍ റാണ ദുബായില്‍ കണ്ടുമുട്ടിയ ദുരൂഹവ്യക്തിയെക്കുറിച്ച് എന്‍.ഐ.എ അന്വേഷണമാരംഭിച്ചു. ഭീകരാക്രമണത്തേക്കുറിച്ച് ഇയാള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്നാണ് യു.എസ്. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരം. ഇതിനൊപ്പം കൊച്ചിയില്‍ റാണയെ കണ്ടയാളും എല്ലാം അറിഞ്ഞിരുന്നു.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശേഖരിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയെ ചോദ്യം ചെയ്യുന്നത്. മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി നിരന്തരം ഇയാള്‍ ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇയാള്‍ യാത്ര നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ റാണ പലവട്ടം വന്നിരുന്നു. കൊച്ചിയില്‍ റാണ കണ്ടയാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിരോധിത സംഘടനയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് നിരീക്ഷണത്തിലുള്ളത്. തീവ്രവാദ കേസില്‍ ജയിലിലുള്ള തടിയന്റവിടെ നസീറുമായി ബന്ധമുള്ള വ്യക്തിയാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളതെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും എന്‍ഐഎ പുറത്തു വിട്ടിട്ടില്ല. മലയാളിയാണോ കസ്റ്റഡിയില്‍ ഉള്ളതെന്നും വ്യക്തമല്ല. ഇന്ത്യയിലെ റാണയുടെ യാത്രകള്‍ക്കെല്ലാം ഇയാള്‍ സൗകര്യം ഒരുക്കിയെന്നാണ് സൂചന.
ദുബായില്‍ റാണ ബന്ധപ്പെട്ടതാരെയെന്നും മുംബൈ ഭീകരാക്രമണത്തില്‍ അയാളുടെ പങ്കെന്താണെന്നും അന്വേഷിച്ചുവരുന്നതായി എന്‍.ഐ.എ. സ്ഥിരീകരിച്ചു. ഉടന്‍ ഒരു ഭീകരാക്രമണം നടക്കുമെന്നും അതിനാല്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യരുതെന്നും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെന്ന ദാവൂദ് ഗിലാനി 2008-ല്‍ റാണയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായി എന്‍.ഐ.എ. വൃത്തങ്ങള്‍ വ്യക്തമാക്കി. ഹെഡ്ലിയാണ് ഭീകരാക്രമണ ഗൂഢാലോചയില്‍ പങ്കുള്ള ദുരൂഹ വ്യക്തിയുമായി ദുബായില്‍ റാണയ്ക്ക് കൂടിക്കാഴ്ച ഒരുക്കിയത്. ഭീകരാക്രമണം ആസന്നമാണെന്ന വിവരം റാണയെ അറിയിച്ചതും ഇയാള്‍ മുഖേനയാണ്. ദുബായില്‍ റാണ കണ്ടയാള്‍ക്ക് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നോയെന്നും എന്‍.ഐ.എ. അന്വേഷിച്ചുവരുന്നു.
ഹെഡ്ലിയുടെ പാശ്ചാത്യപരിവേഷവും യു.എസ്. പാസ്പോര്‍ട്ടും ഇന്ത്യയില്‍ സുഗമമായി സഞ്ചരിക്കാന്‍ വഴിയൊരുക്കി. ഈ സാധ്യത മുതലെടുത്താണ് മുംബൈയിലെ പ്രധാനകേന്ദ്രങ്ങള്‍ നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് പാകിസ്താനിലേക്ക് അയച്ചുകൊടുക്കാനും ഹെഡ്ലിക്കു കഴിഞ്ഞത്.
മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും സമാനമായ ആക്രമണം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു മുംബൈ ദൗത്യം. 2008 നവംബര്‍ 13-നും 21-നും മധ്യേ ഭാര്യ സമ്രാസ് റാണ അഖ്തറിനൊപ്പം റാണ ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഹാപുര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടങ്ങളിലും ഭീകരാക്രമണത്തിനു മുന്നോടിയായുള്ള നിരീക്ഷണമാണോ നടന്നതെന്നറിയാന്‍, ചോദ്യംചെയ്യലിനൊപ്പം റാണയുടെ യാത്രാരേഖകള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ റാണ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ജയ റോയിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് ചോദ്യം ചെയ്യുന്നത്. പേന, പേപ്പര്‍ അല്ലെങ്കില്‍ നോട്ട്പാഡ്, ഖുര്‍ആന്‍ എന്നിവ മാത്രമാണ് റാണ ഇതുവരെ ആവശ്യപ്പെട്ടതെന്നും എന്‍ഐഎയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യം റാണ ഇതുവരെ ഉന്നയിച്ചിട്ടില്ല. മറ്റേതൊരു പ്രതിക്കും നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
2019-ല്‍ എഫ്ബിഐയുടെ അറസ്റ്റിലായ റാണ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചത്. റാണയെ ഇന്ത്യയിലെത്തിക്കാന്‍ വിവിധ ഏജന്‍സികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു.