ഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; അങ്കുഷ് ഭരദ്വാജിനെ സസ്‌പെന്‍ഡ് ചെയ്തു
ഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്തതായി പരാതി. 17കാരിയുടെ പരാതിയില്‍ ദേശീയ പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ ഡോ. കര്‍ണീസിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ഷൂട്ടിങ് മത്സരവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് താരത്തിന്റെ പരാതി.
കായിക ലോകത്തെ ഞെട്ടിച്ച സംഭവം ഡിസംബര്‍ 16ന് ഫരീദാബാദിലാണ് നടന്നത്. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്തേണ്ടതുണ്ടെന്ന് പരിശീലകനായ അങ്കുഷ് ഭരദ്വാജ് 17കാരിയായ ദേശീയ താരത്തെ അറിയിക്കുകയായിരുന്നു. ഇതുപ്രകാരം ഫരീദാബാദ് സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി.
ഹോട്ടല്‍ ലോബിയില്‍ നിന്ന് സംസാരിക്കുന്നതിനിടെ മുറിയിലേക്ക് ബലമായി വിളിച്ചുകയറ്റി പരിശീലകന്‍ പീഡിപ്പിച്ചെന്ന് പരാതി പറയുന്നു. പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ കായികതാരം ശ്രമിച്ചെങ്കിലും പീഡനം തുടരുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും പരിശീലകന്‍ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട കായികതാരം തനിക്ക് നേരിട്ട ദുരനുഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു.
എന്‍.ഐ.ടി ഫരീദാബാദിലെ വനിത പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നല്‍കിയത്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍.ആര്‍.എ.ഐ) നിയമിച്ച 13 ദേശീയ ഷൂട്ടിങ് പരിശീലകരില്‍ ഒരാളാണ് കേസിലെ പ്രതിയായ അങ്കുഷ് ഭരദ്വാജ് എന്ന് പൊലീസ് അറിയിച്ചു. ആരോപണത്തെ തുടര്‍ന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.