സിനിമയിൽ നായികാവേഷം വാഗ്ദാനം നൽകി; പ്രൊമോഷനെന്ന വ്യാജേന കൊണ്ടുപോയത് മുംബൈയിലേക്ക്; മദ്യം നൽകി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പകർത്തി; ഗുണ്ടകളെ അയച്ച് വധഭീഷണി മുഴക്കി; ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഹേമന്ത് കുമാർ അറസ്റ്റിൽ

Update: 2025-10-07 11:08 GMT

ബംഗളൂരു: കന്നഡ നടനും സംവിധായകനുമായ ഹേമന്ത് കുമാറിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. ടെലിവിഷൻ നടിയുടെ പരാതിയെ തുടർന്നാണ് നടപടി. ലൈംഗിക പീഡനം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രാജാജിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം.

സിനിമയിൽ നായികാവേഷം വാഗ്ദാനം ചെയ്താണ് ഹേമന്ത് കുമാർ നടിയെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. 2 ലക്ഷം രൂപ പ്രതിഫലത്തിൽ കരാർ ഒപ്പിട്ടതിന് 60,000 രൂപ മുൻകൂറായി ലഭിച്ചിരുന്നു. ചിത്രീകരണത്തിനും പ്രൊമോഷൻ പരിപാടികൾക്കിടയിലും ഹേമന്ത് ലൈംഗികമായി പീഡിപ്പിച്ചതായി നടി ആരോപിക്കുന്നു.

സിനിമയുടെ പ്രചാരണത്തിന്റെ മറവിൽ മുംബൈയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മദ്യം നൽകി സമ്മതമില്ലാതെ സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പകർത്തിയെന്നും പരാതിയിലുണ്ട്. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും അശ്ലീല രംഗങ്ങൾ അവതരിപ്പിക്കാനും അനുചിതമായി സ്പർശിച്ചതായും നടി വ്യക്തമാക്കുന്നു. ഇത് കരിയറിന് തടസ്സമായെന്നും ഗുണ്ടകളെ അയച്ച് വധഭീഷണി മുഴക്കിയതായും നടി ആരോപിച്ചു.

ഹേമന്ത് നൽകിയ ചെക്ക് പിന്നീട് മടങ്ങിയതായും പരാതിയിൽ പറയുന്നു. സെൻസർ ബോർഡിന്റെ അനുമതിയില്ലാതെ സിനിമയുടെ എഡിറ്റ് ചെയ്തതും സെൻസർ ചെയ്യാത്ത വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും നടിയുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചതും അപകീർത്തിപ്പെടുത്തിയതും ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

Tags:    

Similar News