ജമ്മു കശ്മീരിനെ നടുക്കിയ കൂട്ടമരണത്തിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തു; മരിച്ചവരുടെ ശരീരത്തില്‍ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; രജൗരിയിലെ ജലസംഭരണിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് നിര്‍ണായകം; വിഷവസ്തുവിന്റെ പേര് പുറത്തുവിട്ട് കേന്ദ്ര മന്ത്രി

ജമ്മു കശ്മീരിനെ നടുക്കിയ കൂട്ടമരണത്തിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തു

Update: 2025-01-24 13:23 GMT

രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ മൂന്ന് കുടുംബങ്ങളിലെ 17 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തുവാണെന്ന് കേന്ദ്ര മന്ത്രി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ദൈനിക് ജാഗ്രണിനോടാണ് വിഷവസ്തുവിന്റെ പേര് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഇവരുടെയുള്ളില്‍ കാഡ്മിയം ടോക്സിന്‍ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.

ലഖ്നൗവിലെ ഐഐടി റിസര്‍ച്ച് സെന്റര്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ശരീരത്തില്‍ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ ശരീരത്തില്‍ മറ്റ് തരത്തിലുള്ള വൈറസിന്റെയോ ബാക്ടീരിയയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്റെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

ഒന്നരമാസത്തിന് ഇടയില്‍ ഇത്രയും പേരുടെ മരണത്തിന് കാരണമായത് കീടനാശിനിയാണെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കൂട്ടമരണമുണ്ടായ വീടുകളിലുള്ളവര്‍ വെള്ളമെടുക്കുന്ന സമീപത്തെ ബാവോളി എന്ന പേരിലറിയപ്പെടുന്ന ജലസംഭരണിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായിട്ടായിരുന്നു വാര്‍ത്തകള്‍.

മരണത്തിന് പിന്നില്‍ ഏതെങ്കിലും വൈറസോ ബാക്ടീരിയയോ അല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. അപകടകരമായ ഒരു വിഷവസ്തുവാണ് രോഗബാധയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. മരിച്ചവരില്‍ 14 പേര്‍ കുട്ടികളാണ്. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് കൗമാരക്കാര്‍ നിലവില്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 200ല്‍ അധികം പേരാണ് ക്വാറന്റൈനിലുള്ളത്. ബധാല്‍ ഗ്രാമം കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പനി, ശരീരവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളുമായിട്ടാണ് മരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ളവരാണ് കഴിഞ്ഞ ഡിസംബര്‍ ഏഴിനും 17നും ഇടയിലായി രജൗരിയില്‍ മരിച്ചത്. എന്താണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള ദുരൂഹരോഗം ആണോ സംഭവത്തിന് പിന്നിലുള്ളതെന്ന സാധ്യത കേന്ദ്രസംഘം നേരത്തെ തള്ളിയിരുന്നു.

ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉള്‍പ്പടെ ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഇതിനിടയിലാണ് വിഷവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ മാസം മുതലാണ് ദുരൂഹമായ കാരണങ്ങള്‍ കൊണ്ട് മൂന്ന് കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ 17 അംഗങ്ങള്‍ മരിച്ചത്. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) പിജിഐ ചണ്ഡീഗഡിലേക്ക് റഫര്‍ ചെയ്തു. മൂന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മുമ്പ് സിഎച്ച്‌സിയില്‍ നിന്ന് ജിഎംസി രജൗരിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ആര്‍മി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്.

ബിഎന്‍എസ് സെക്ഷന്‍ 163 പ്രകാരം രജൗരി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് ശര്‍മ്മ പുറപ്പെടുവിച്ച ഉത്തരവില്‍, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടെയ്ന്‍മെന്റ് സോണിനുള്ളിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ഭക്ഷണങ്ങളിലും മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകള്‍ സീല്‍ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയും തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടന്‍ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News