റിന്‍സി മുംതാസിന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത് എംഡിഎംഎ അല്ല മെത്താഫെറ്റമിന്‍ എന്ന് പരിശോധന ഫലം; പിടികൂടിയ ലഹരി വസ്തു വാണിജ്യ അളവിനേക്കാള്‍ കുറവ്; പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിട്ടും യുട്യൂബര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
റിന്‍സി മുംതാസിന് ജാമ്യം
കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസിന്(32) ഹൈക്കോടതി ജാമ്യം അനുവദിച്ചു. എംഡിഎംഎ കൈവശം വെച്ചെന്നാരോപിച്ചാണ് റിന്‍സിയെയും സുഹൃത്ത് യാസര്‍ അറാഫത്തിനെയും കഴിഞ്ഞ ജൂലൈ 9ന് കൊച്ചി പാലച്ചുവട്ടിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, പിടികൂടിയ ലഹരി വസ്തു എംഡിഎംഎ അല്ലെന്നും മെത്തഫെറ്റമിന്‍ ആണെന്നും പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പിടികൂടിയ ലഹരി വസ്തു വാണിജ്യ അളവിനെക്കാള്‍ കുറവാണെന്നതും കോടതി പരിഗണിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് റിന്‍സി മുംതാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ എന്‍ഡിപിഎസ് വകുപ്പ് 37 പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജൂലൈ 9 മുതല്‍ റിന്‍സി കസ്റ്റഡിയിലായിരുന്നു. വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ സാധ്യതയില്ലെന്നതും ജാമ്യം നല്‍കുന്നതിനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ റിന്‍സിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്നും ലഹരി വസ്തു തന്റെ കൈവശം നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു റിന്‍സി.
ചലച്ചിത്ര പ്രചരണ മേഖലയില്‍ സജീവമായിരുന്ന റിന്‍സിക്ക് നിരവധി സിനിമാ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണം ഈ മേഖലയിലേക്ക് നീങ്ങിയത്. കേസില്‍ അറസ്റ്റിലായ ശേഷം റിന്‍സി ഉള്‍പ്പെടെയുള്ള പ്രതികള്‍ റിമാന്‍ഡിലായിരുന്നു. വാണിജ്യ അളവില്‍ കുറവായതിനാല്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരിമിതികളുണ്ടെന്ന് കോടതി വിലയിരുത്തി.
നേരത്തെ, റിന്‍സി മുംതാസിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഫ്ളാറ്റില്‍ നിന്ന് എം ഡി എം എ കണ്ടെടുത്ത കേസില്‍, വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് വില്‍ക്കുന്നത് തടയുന്ന എന്‍ഡിപിഎസ് ആക്റ്റ് 87 ചുമത്തിയത് കൊണ്ട് ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.
റിന്‍സി സിനിമാ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ഫീല്‍ഡില്‍ ധാരാളം ശത്രുക്കള്‍ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിനുപിന്നില്‍ ശത്രുക്കളാണെന്നുമായിരുന്നു മുഖ്യവാദം. ഫ്ലാറ്റില്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടെന്നും അവര്‍ വച്ചതാകാമെന്നും പ്രതിഭാഗം വാദിച്ചിരുന്നു. അതുകൂടാതെ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് എതിരെ ചുമത്തിയ വ്യാജ എല്‍ എസ് ഡി കേസും കോടതിയില്‍ പരാമര്‍ശിച്ചു. ആ കേസിന് പിന്നില്‍, ഷീലയുടെ മരുമകളുടെ സഹോദരിയാണ് എന്ന പിന്നീട് തെളിഞ്ഞിരുന്നു. സമാനരീതിയിലുള്ള ഗൂഢാലോചന എന്നായിരുന്നു വാദം. എന്നാല്‍, എന്‍ഡിപിഎസ് നിയമത്തിലെ കര്‍ശന വകുപ്പുകള്‍ ചുമത്തിയത് കൊണ്ട് സെഷന്‍സ് കാടതി ജാമ്യം തളളുകയായിരുന്നു.
റിന്‍സി സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിയെത്തിച്ചതായാണ് പൊലീസ് കേസ്. റിന്‍സിയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് പലരും വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിനിമ പ്രൊമോഷന്റെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് നല്‍കിയ മറുപടി.
കാക്കനാട്ടെ ഫ്‌ലാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ലക്ഷ്യം റിന്‍സി ആയിരുന്നില്ല. റിന്‍സിയുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനെയായിരുന്നു ഡാന്‍സാഫ് ലക്ഷ്യമിട്ടത്. എന്നാല്‍, യാസര്‍ അറഫാത്തിനുവേണ്ടി വിരിച്ച വലയില്‍ റിന്‍സിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്‌ലാറ്റില്‍ റിന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘം റിന്‍സിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു.