അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇനിയും കാത്തിരിക്കണം; റിയാദ് കോടതി കേസ് പരിഗണിക്കുന്നത് സാങ്കേതിക കാരണത്താല്‍ നീട്ടി; കണ്ണീരോടെ കാത്തിരിപ്പില്‍ പൊന്നുമ്മയും കുടുംബാംഗങ്ങളും
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇനിയും കാത്തിരിക്കണം
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ഇനിയും കാത്തിരിക്കണം. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവച്ചു. കോടതിയിലെ മുഴുവന്‍ കേസുകളും മാറ്റിവച്ചതായി റഹീം നിയമ സഹായസമിതി പറഞ്ഞു.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നാട്ടിലുള്ള ഉറ്റവര്‍ കാത്തിരിക്കവെയാണ് നാലാമത്തെ കോടതി സിറ്റിങ്ങ് മാറ്റിവച്ചത്. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ചേരാന്‍ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതോടെയാണ് മോചന വിധി ഇനിയും നീളുന്നത്. റഹീമിന്റെ സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്റെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റിവച്ചിരുന്നു. അതിനാല്‍ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. ഡിസംബര്‍ എട്ടിനു മാറ്റിവച്ച കേസ് നാലു ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയില്‍ മോചനത്തിനു മറ്റു തടസങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.
മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നു പറഞ്ഞ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ മറ്റൊരു സിറ്റിങ്ങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബര്‍ എട്ടിന് നടന്ന അടുത്ത സിറ്റിങിലും വിധി പറഞ്ഞില്ല.
ഇന്നത്തെ എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. എന്നാല്‍ അടുത്ത സിറ്റിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതാണ് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയത്. റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത് കൊണ്ടല്ല സിറ്റിങ് നീട്ടിയതെന്നും മറിച്ച് റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴിയാണ് കോടതി ചേര്‍ന്നത്. ഇന്ന് ലിസ്റ്റ് ചെയ്ത ഒരു കേസും പരിഗണിച്ചില്ല. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രതീക്ഷിച്ചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന് 99 ശതമാനം പ്രതീക്ഷിച്ചിരുന്നതായും എല്ലാ രീതിയിലും സജ്ജമായിരുന്നെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു.
ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു.
എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്‍ 12 ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയില്‍ നിന്ന് അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് വേദനയായി കോടതി നടപടികള്‍ നീളുകയാണ്. മോചനം വൈകുമ്പോള്‍ കണ്ണീരോടെയുള്ള കാത്തിരിപ്പിലാണ് പൊന്നുമ്മയും കുടുംബാംഗങ്ങളും.