ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ദൈവതുല്യരുടെ പങ്കു പുറത്തുവരുമോ? സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ ആരൊക്കെ?
തിരുവനന്തപുരം: തദ്ദേശത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയായത് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയാണ്. ഈ കേസില്‍ ഇനിയും വമ്പന്‍മാര്‍ കുടുങ്ങാനുണ്ടെന്ന സൂചനകള്‍ കുറച്ചു കാലമായി തന്നെ അന്തരീക്ഷത്തിലുണ്ട്. ഈ ഉന്നതരിലേക്ക് അന്വേഷണം എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് മുരാരിബാബുവിന്റെ വാദം.
എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതിലെ ഗൂഢാലോചനയില്‍ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മറ്റൊരു പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉയര്‍ത്തി യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്റോ ആന്റണിക്കാണ് പ്രതിഷേധത്തിന്റെ ഏകോപനം. സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. രാജ്യസഭയില്‍ ഇന്ന് എസ്‌ഐആര്‍ വിഷയത്തിലെ ചര്‍ച്ച തുടരും. ലോക്‌സഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കും.
ശബരിമല സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടാണ് പാര്‍ലമെന്റില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേസില്‍ ഇനിയും ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി കാരണമായത് ശബരിമല സ്വര്‍ണക്കൊള്ളയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അയ്യപ്പ സംഗമം വേണ്ട വിധത്തില്‍ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം. ഭരണത്തിനെതിരെയും ജനങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് സിപിഎം വിലയിരുത്തല്‍. സിപിഐ സിപിഎം നേതൃയോഗങ്ങളും എല്‍ഡിഎഫ് യോഗവും തോല്‍വി വിലയിരുത്തും
ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകള്‍ അകന്നു പോകാനും കാരണമായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കൂടി പുറത്തുവന്നതോടെ വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമവും നിഷ്ഫലമായെന്നാണ് കണക്കൂട്ടല്‍.
