ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്‍
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്ക് ദേവസ്വം ബോര്‍ഡിലെ ഉന്നതരുമായുള്ള ബന്ധമാണ്. പ്രതികള്‍ക്ക് ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതോടെ ശബരിമലയെ സ്വര്‍ണത്തെ കുറിച്ചുള്ള വിവരമെല്ലാം ഇവര്‍ക്ക് അറിവുള്ളതായി വ്യക്തമായി. കേസിന്റെ ആദ്യ ഘട്ടത്തില്‍ ഇവര്‍ പറഞ്ഞ വാദങ്ങളും തെറ്റാണെന്ന് തെളിയുകയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനും സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും അറസ്റ്റു ചെയ്തത്. ഇരുവര്‍ക്കും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ജാമ്യം നല്‍കിയാല്‍ ദേവസ്വം ജീവനക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി തെളിവ് നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊണ്ടിമുതല്‍ പൂര്‍ണമായി കണ്ടെടുക്കാനായിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതോടെ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് എസ്.ഐ.ടി.
ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇരുവര്‍ക്കുമെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുള്ളതായും സ്വര്‍ണക്കൊള്ളയില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ് എന്നുമാണ് എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെപ്പോലെ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളും പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ധന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
ശബരിമലയില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ ഭാഗമാണ് എന്ന് കരുതുന്ന സ്വര്‍ണത്തിന്റെ പങ്ക് ഈ രണ്ടുപേരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 470 ഗ്രാം സ്വര്‍ണം കണ്ടെത്തിയത് ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണ്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലെ തന്നെ തുല്യ പങ്കാളിത്തം പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ഉണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്ഐടി വ്യക്തമാക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, കെ.പി. ശങ്കര്‍ദാസ് എന്നിവരെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. രണ്ടു പേര്‍ക്കെതിരേയും അന്വേഷണം നടക്കാത്തത് എന്താണെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.
എന്നാല്‍ കൊള്ളയില്‍ പങ്കില്ലെന്നും പത്മകുമാറാണ് നടപടികള്‍ മുഴുവന്‍ നടത്തിയത് എന്നുമാണ് ഇരുവരും നേരത്തെ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം തീരുമാനങ്ങള്‍ കൂട്ടുത്തരവാദിത്വം എന്ന തീരുമാനങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമെന്ന വാദമാണ് പത്മകുമാറിന്റേത്.
