ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയിലേക്ക് കൂടുതല്‍ അന്വേഷണം; ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതില്‍ കൈപ്പട പരിശോധിക്കും; ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാന്‍ എസ്‌ഐടി; തന്ത്രി കണ്ഠര് രാജീവര് നിക്ഷേപിച്ച 2.5 കോടി എവിടെ? സ്വകാര്യ ബാങ്ക് തകര്‍ന്നിട്ടും പരാതി നല്‍കാത്തത് ദുരൂഹം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയിലേക്ക് കൂടുതല്‍ അന്വേഷണം

Update: 2026-01-27 06:40 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ എസ്ഐടിയുടെ നീക്കം. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനാണ് നീക്കം. ഇതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി അപേക്ഷ നല്‍കി. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതിലാണ് പരിശോധന. തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നല്‍കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് എസ്ഐടിയുടെ നീക്കം. ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാനാണ് നീക്കം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കും.

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി.

തന്ത്രിക്ക് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ മുതല്‍ നേരിട്ട് കൈകാര്യം ചെയ്ത ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയ എല്ലാ പ്രതികളുമായും തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക പാളികള്‍ കൊണ്ടു പോകുമ്പോഴും കട്ടിളപ്പാളി കൊണ്ടുപോകുമ്പോഴും തന്ത്രി ഇടപെട്ടിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.

അതിനിടെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുകയാണ്. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തികലാഭമുണ്ടാക്കിയെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും തന്ത്രിയെ ചോദ്യം ചെയ്യും. ശബരിമലയിലെ സ്വര്‍ണമോഷണക്കേസില്‍ തന്ത്രിക്ക് നേരിട്ട് പങ്കുള്ളതായി എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്വര്‍ണമോഷണത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലില്‍ കണ്ഠര് രാജീവര് സമ്മതിച്ചു. ദ്വാരപാലക ശില്‍പപാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവും മൊഴിയും എസ്ഐടിക്ക് നേരത്തെ ലഭിച്ചിരുന്നു.

പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്ഠര് രാജീവര്‍ക്കെതിരെ നിര്‍ണായക തെളിവുകളുണ്ട്. കൂടുതല്‍ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാനും ശ്രമിക്കുന്നുണ്ട്. കണ്ഠര് രാജീവര്‍ക്ക് സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. പലപ്പോഴായി വന്‍തുകകള്‍ കൈപ്പറ്റിയതായാണ് വിവരം.

ഇവര്‍ പരിചയപ്പെടുത്തിയ മറ്റ് ചിലര്‍ വഴിയും സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു. കേരളത്തിന് പുറത്ത് ചില ബിസിനസുകളിലും കണ്ഠര് രാജീവര്‍ക്ക് നിക്ഷേപമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ 2004 ല്‍ ശബരിമലയിലെത്തിച്ചത് അന്ന് ശബരിമല തന്ത്രിയുടെ ചുമതലയുണ്ടായിരുന്ന കണ്ഠരര് രാജീവരാണ്.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിലും അന്വേഷണം നടക്കും. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടി നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്‌ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്.

ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്‌ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്‌ഐടി അന്വേഷണം തുടങ്ങിയത്.

Tags:    

Similar News