കബഡി കളി ജയിച്ചതിന്റെ സന്തോഷത്തിലായിരുന്ന ആ മകൾ; ഉച്ചയ്ക്ക് വീഡിയോ..കോളിലൂടെ വീട്ടിലേക്ക് വിളിച്ചപ്പോഴും ഒരു കുഴപ്പവുമില്ല; പിന്നീട് അറിയുന്നത് ദാരുണ വാർത്ത; കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് പോലും നേരെ പറയാൻ അവർ തയാറായില്ല; അന്ന് കൊല്ലത്തെ സായി ഹോസ്റ്റലിൽ നടന്നതെന്ത്?; പിന്നിൽ അധ്യാപകന്റെ കൈകളോ?

Update: 2026-01-18 03:37 GMT

കൊല്ലം: കൊല്ലം സായി സ്പോർട്സ് ഹോസ്റ്റലിൽ മരിച്ച രണ്ട് വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത്. തിരുവനന്തപുരം സ്വദേശിനി വൈഷ്ണവിയുടെയും കോഴിക്കോട് സ്വദേശിനി സാന്ദ്രയുടെയും മരണത്തിൽ ഹോസ്റ്റൽ അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബങ്ങൾ ഉന്നയിക്കുന്നത്. തങ്ങളുടെ മക്കൾ ആത്മഹത്യ ചെയ്യില്ലെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് മാനസിക പീഡനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയും കബഡി താരവുമായ വൈഷ്ണവി, മരിക്കുന്നതിന് തലേദിവസം രാത്രി വീട്ടിലേക്ക് സന്തോഷത്തോടെ വിളിച്ചിരുന്നതായി മാതാപിതാക്കൾ വെളിപ്പെടുത്തി. ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്താറുണ്ടായിരുന്നെന്നും എന്ത് ചെയ്താലും കുത്തുവാക്കുകൾ പറയാറുണ്ടായിരുന്നെന്നും വൈഷ്ണവി പറഞ്ഞിരുന്നു.

ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയവും അവൾക്കുണ്ടായിരുന്നതായി രക്ഷിതാക്കൾ പറയുന്നു. മരണവിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവെച്ചെന്നും എന്ത് സംഭവിച്ചുവെന്ന് വിശദീകരിക്കാൻ തയ്യാറായില്ലെന്നും അന്വേഷണത്തിനായി എത്തിയപ്പോൾ ഹോസ്റ്റലിലേക്ക് കയറാൻ ഗേറ്റ് അടച്ചിട്ടെന്നും വൈഷ്ണവിയുടെ മാതാപിതാക്കൾ ആരോപിച്ചു.

സമാനമായ ആരോപണങ്ങളാണ് പ്ലസ് ടു വിദ്യാർത്ഥിനിയും അത്ലറ്റുമായ സാന്ദ്രയുടെ കുടുംബവും ഉന്നയിക്കുന്നത്. സാന്ദ്ര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുന്ന രക്ഷിതാക്കൾ, മരിക്കുന്നതിന് തലേദിവസം വിളിച്ചപ്പോൾ സ്ഥാപനത്തിൽ തുടർന്നുപോകാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നതായി വ്യക്തമാക്കി.

കൊല്ലം സായിയിലെ ഒരു അധ്യാപകൻ സാന്ദ്രയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം പറയുന്നു. സാന്ദ്രയുമായി അടുപ്പമുണ്ടായിരുന്ന ഹോസ്റ്റൽ വാർഡൻ ഒരു മാസം മുമ്പ് മാറിയിരുന്നു. ഇവരെ ബന്ധപ്പെടരുതെന്ന് ഇപ്പോഴത്തെ ഇൻചാർജായ അധ്യാപകൻ ആവശ്യപ്പെട്ടിരുന്നതായും ഇതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് കടലുണ്ടി സ്വദേശി സാന്ദ്രയെയും തിരുവനന്തപുരം ചെമ്പൂർ സ്വദേശി വൈഷ്ണവിയെയും ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച രണ്ട് പേരുടെയും ആത്മഹത്യാക്കുറിപ്പുകളിൽ ഒരു കൈയക്ഷരമാണുള്ളതെന്ന ആരോപണവും വിശദമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഈ മരണങ്ങളിലെ സത്യം കണ്ടെത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് രക്ഷിതാക്കൾ ഊന്നിപ്പറഞ്ഞു.

Tags:    

Similar News