സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി ഷെരിഫുല്‍ ഇസ്ലാമിനെതിരെ നിരവധി തെളിവുകള്‍ 1000 പേജുള്ള കുറ്റപത്രത്തില്‍; കുത്താന്‍ ഉപയോഗിച്ച കത്തിയില്‍ പ്രതിയുടെ വിരളടയാളം തെളിഞ്ഞു; നടന്നത് മോഷണ ശ്രമത്തിനിടെ ഉണ്ടായ ആക്രമണമെനന് ബാന്ദ്ര പോലീസിന്റെ റിപ്പോര്‍ട്ട്
സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;
മുംബൈ: ബോളിവുഡ് നടന്‍ സൈഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ച് പൊലീസ്. ബാന്ദ്ര പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ഷരിഫുല്‍ ഇസ്ലാമിനെതിരെ നിരവധി തെളിവുകളാണ് കുറ്റ പത്രത്തിലുള്ളത്. പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ അടക്കം ഉള്‍പ്പെടുത്തി കൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട്.
മുഖം തിരിച്ചറിയുന്ന ടെസ്റ്റ് റിസല്‍ട്ടുകള്‍, വിരലടയാള പരിശോധനാഫലം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഇവ കൂടാതെ കുത്താനുപയോഗിച്ച കത്തിയുടെ ഭാഗവും ലഭിച്ചിട്ടുണ്ട്. പ്രതിയുടെ വിരളടയാളം കത്തിയില്‍ നിന്നടക്കം കണ്ടെത്തിയിട്ടുണ്ട്. ജനുവരി 16നാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ നടനെ കുത്തി പരിക്കേല്‍പ്പിക്കുന്നത്. ജനുവരി 19 ന് പ്രതിയെ പിടികൂടുകയും അന്വേഷണത്തില്‍ ബംഗ്ലാദേശി പൗരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതേസമയം തന്റെപേരില്‍ വ്യാജകേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അവകാശപ്പെട്ട് ഷെരിഫുള്‍ കോടതിയില്‍ ജമ്യാപേക്ഷ നല്‍കിയിരുന്നു. പ്രഥമവിവര റിപ്പോര്‍ട്ട് തെറ്റാണെന്നും തനിക്കെതിരേ തെറ്റായ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പ്രതിയായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ്, ജാമ്യാപേക്ഷയില്‍ അവകാശപ്പെട്ടിട്ടുണ്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രതി ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.
പ്രതി അന്വേഷണവുമായി സഹകരിച്ചെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതിലൂടെ പ്രയോജനകരമായ ഒരു ഉദ്ദേശ്യവും നിറവേറ്റപ്പെടില്ലെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടാക്കാട്ടിയിരുന്നു. സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് മാധ്യമവാര്‍ത്തകള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പിന്നീട് പോലീസ് തള്ളിക്കളയുകയാണ് ഉണ്ടായത്.
ഷെരീഫുളിനെ പിടികൂടുംമുമ്പ് മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടതോടെ വിട്ടയക്കുകയായിരുന്നു. ഛത്തീസ്ഘട്ട് സ്വദേശിയായ ആകാശ് കനോജയെന്നയാളെയും മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ജഞാനേശ്വരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ആര്‍.പി.എഫ് സംഘം പിടികൂടുകയും മുംബൈ പോലീസിന് കൈമാറുകയുമായിരുന്നു. പക്ഷെ, ഇയാള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
ജനുവരി 16-ന് ആയിരുന്നു സെയഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നടന്റെ ശരീരത്തില്‍ കത്തിയുടെ ഭാഗം നട്ടെല്ലിന് സമീപം തറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് ജനുവരി 19-നാണ് ബംഗ്ലാദേശി പൗരന്‍ ഷെരീഫുളിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റിട്ടും ദിവസങ്ങള്‍ക്കുക്കുള്ളില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി ആരാധകരെ അഭിവാദ്യം ചെയ്ത് വീട്ടിലേക്ക് വന്ന സെയ്ഫിന്റെ പരിക്കിനേക്കുറിച്ച് വലിയ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. മാത്രമല്ല, ഇത്ര വലിയ സുരക്ഷയുണ്ടായിട്ടും വീട്ടിലേക്ക് അക്രമി കയറിയത് സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു.
സംഭവം നടക്കുന്ന സമയത്ത് സെയ്ഫിന്റെ ഭാര്യ കരീന കപൂര്‍, നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഭാര്യ കരീനയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവദിവസം രാത്രയില്‍ നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷമാണ് സെയ്ഫിന്റെ ഭാര്യ കരീന വീട്ടിലെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വളരെയേറെ മദ്യപിച്ചാണ് കരീന വീട്ടിലെത്തിയിരുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇതാണ് കരീന സെയ്ഫിനൊപ്പം ആശുപത്രിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ പോകാതിരുന്നതെന്നാണ് സൂചന. പോയിരുന്നെങ്കില്‍ സാഹചര്യം ഏറെ വഷളാവുമായിരുന്നു. മദ്യപിച്ച നിലയിലുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവരും എന്ന ഭയത്തിലാണ് ആ സമയത്ത് പുറത്തേക്ക് പോകേണ്ടെന്ന് കരീന തീരുമാനിച്ചിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോഷ്ടാവ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ എന്തുകൊണ്ടു സെക്യൂരിഉദ്യോഗസ്ഥന്റെ പോലും ശ്രദ്ധയില്‍പെട്ടില്ല എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അത്രമാത്രം സുരക്ഷാസന്നാഹങ്ങളോടെ താമസിക്കുന്ന ഒരു നടനാണ് സെയ്ഫ്. പഴയ നവാബ് പാരമ്പര്യത്തിലെ ഒടുവിലത്തെ കണ്ണി. പ്രധാനമന്ത്രിയെ അടക്കം നേരിട്ട് സന്ദര്‍ശിക്കാന്‍ അനുവാദമുള്ള നടന്‍. ഒപ്പം ബോളിവുഡ് സിനിമയുടെ തലവര മാറ്റിയ കപൂര്‍ ഫാമിലിയിലെ മരുമകന്‍. അദ്ദേഹം പോലും സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടേക്കാമെന്ന തിരിച്ചറിവ് കൂടിയായിരുന്നു നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ഇടനല്‍കിയത്.
ഗുരുതരമായി പരിക്കേറ്റിട്ടും വീട്ടില്‍നിന്ന് സ്വയം ഇറങ്ങിവന്ന് ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തി ചികിത്സ നേടിയ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ നടത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം അഞ്ച് ദിവസത്തിനകം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായത് സംശയത്തിനിടയാക്കിയിരുന്നു.
സെയ്ഫിനെതിരായ ആക്രമണവാര്‍ത്ത പി.ആര്‍ പ്രമോഷനാണെന്നും പരിക്കേറ്റുവെന്നത് അഭിനയമാണെന്നുമടക്കമുള്ള വിമര്‍ശനങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നു. ഇത് വിവിധ രാഷ്ട്രീയ നേതാക്കളടക്കം ഏറ്റെടുക്കുകയും ട്രോളുകളായും മീമുകളായും സോഷ്യല്‍മീഡയയില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.