ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ കുറ്റക്കാരന്‍; കോടതി നിര്‍ദ്ദേശ പ്രകാരം സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ; നാളെ ശിക്ഷ വിധിക്കും; ഷിരൂരിലെ 'രക്ഷാ പ്രവര്‍ത്തന താരം' അഴിക്കുള്ളില്‍
ബെംഗളൂരു: ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി സിബിഐയോട് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
11,312 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സതീഷ് സെയില്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി വിധിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ കാര്‍വാറില്‍ നിന്നും അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സതീഷ് സെയിലിനെയും അറസ്റ്റിലായ മറ്റ് 2 പ്രതികളെയും നാളെ ഉച്ചയ്ക്ക് 12.30ന് കോടതിയില്‍ ഹാജരാക്കണമെന്ന് പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ഗജാനന്‍ ഭട്ട് സിബിഐയോട് ഉത്തരവിട്ടിരുന്നു.
കേസില്‍ ഉള്‍പ്പെട്ട മല്ലികാര്‍ജുന ഷിപ്പിങ് കോര്‍പ്പറേഷന്‍ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെയും കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ നാളെ ശിക്ഷ വിധിക്കും.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിയ്ക്കല്‍ സ്വദേശി അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണ് സതീഷ് സെയില്‍. അര്‍ജുന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സതീഷ് സെയിലിനെ സ്‌നേഹാദരവോടെയാണ് കോഴിക്കോട് കണ്ണാടിയ്ക്കല്‍ ഗ്രാമം അന്ന് വരവേറ്റത്. ഓരോ ഘട്ടത്തിലും സെയിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു.