തന്റെ വീടും സ്വത്തുക്കളും തട്ടിയെടുത്തു; സഹോദരിമാരെ ലൈംഗികത്തൊഴിലിനായി ഭൂമാഫിയ വില്‍ക്കുമെന്ന് ഭയന്നു; ഞങ്ങള്‍ ബംഗ്ലാദേശികളാണെന്ന് നുണ പ്രചരിപ്പിച്ചു; യു.പിയില്‍ അമ്മയെയും നാലു സഹോദരങ്ങളെയും അരുംകൊല ചെയ്യാന്‍ യുവാവ് പറയുന്ന കാരണങ്ങള്‍ ഇങ്ങനെ; ദുരഭിമാക്കൊലയെന്നും സംശയം
ദുരഭിമാക്കൊലയെന്നും സംശയം
ലക്‌നൗ: പുതുവത്സര ദിനത്തില്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവത്തില്‍ ആഗ്ര സ്വദേശി അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പാശ്ചാത്യ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. അര്‍ഷാദിന്റെ അമ്മ അസ്മ,സഹോദരിമാരായ ആലിയ, അല്‍ഷിയ, അക്സ, റഹ്‌മീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം നടന്നത്.
കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.വിശദമായ അന്വേഷണം ആരംഭിച്ചെന്നും ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണെന്നും ഡി.സി.പി അറിയിച്ചു. .സംഭവത്തില്‍ അര്‍ഷാദിന്റെ പിതാവിനും പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
അതിനിടെ ഭൂമാഫിയയുടെ ഭീഷണിയാണ് കൊലപാതകത്തിലെത്തിച്ചതെന്ന് അര്‍ഷദ് പൊലീസിനോട് പറഞ്ഞു. കുടുംബത്തെ ഇറക്കിവിടുമെന്നും സഹോദരിമാരെ ഹൈദരാബാദില്‍ കൊണ്ടു പോയി വില്‍ക്കുമെന്നുമായിരുന്നു ഭീഷണി. കൊലപാതകം നടത്താന്‍ പിതാവിന്റെ സഹായം ഉണ്ടായിരുന്നുവെന്നും ഇയാളുടേതായി പുറത്തുവന്ന വീഡിയോയില്‍ പറയുന്നു. അമ്മയെയും മൂന്നു സഹോദരിമാരെയും കൊലപ്പെടുത്തിയെന്നും നാലാമത്തെയാള്‍ ഇപ്പോള്‍ മരിക്കുമെന്നും പറയുന്നു.
കഴുത്ത് ഞെരിച്ചശേഷം കൈഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്. സമീപപ്രദേശത്തുള്ളവരുടെ ഉപദ്രവം സഹിക്കാനാവാതെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അമ്മയെയും സഹോദരിമാരെയും കൊന്നത് താന്‍ തന്നെയാണ്. തങ്ങളുടെ ശബ്ദം ആരും കേട്ടില്ല. 15 ദിവസമായി ഞങ്ങള്‍ തെരുവിലാണ്. തണുപ്പത്ത് അലയുന്നു. കുട്ടികള്‍ ഇങ്ങനെ ജീവിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പൊലീസിനോട് അര്‍ഷദ് പറഞ്ഞു.
തങ്ങള്‍ ബംഗ്ലാദേശികളാണെന്ന് അവര്‍ നുണ പ്രചരിപ്പിച്ചു. വീട്ടുരേഖകള്‍ കൈവശമുണ്ടായിട്ടും 15 ദിവസമായി കുടുംബം അലഞ്ഞുതിരിയുകയാണ് -അര്‍ഷാദ് പറഞ്ഞു. ഉത്തരവാദികളെന്ന് ഇയാള്‍ ആരോപിക്കുന്ന ചിലരുടെ പേരുകളും വീഡിയോയിലുണ്ട്. റാനു, അഫ്താബ്, അലീം ഖാന്‍, സലിം, ആരിഫ്, അഹമ്മദ്, അസ്ഹര്‍... എന്നിങ്ങനെ മരണത്തിന് കാരണക്കാരെന്ന് ആരോപിച്ച് കുറച്ച് പേരുകളും വീഡിയോയിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ ഭൂമാഫിയയും പെണ്‍വാണിഭ സംഘവുമാണ്. തന്നെയും അച്ഛനെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും അര്‍ഷദ് ആരോപിക്കുന്നു. ഇയാളുടെ അച്ഛന്‍ ബദറിനായും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് കുടുംബം ഹോട്ടലില്‍ മുറിയെടുത്തത്.