ഫോട്ടോ എടുത്തു കൊടുക്കണമെന്ന ആവശ്യം നിരസിച്ചു; ഒന്നാം ക്ലാസുകാരനെ അടക്കം മര്‍ദിച്ച് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘം: പുകവലിച്ചും മദ്യപിച്ചും സ്‌കൂള്‍ മൈതാനത്ത് അതിക്രമം നടത്തിയത് അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
ഫോട്ടോയെടുത്തുകൊടുക്കാൻ വിസമ്മതിച്ച സ്കൂൾ വിദ്യാർഥികളെ മർദ്ദിച്ചു
കോട്ടയം: മൊബൈലില്‍ ഫോട്ടോ എടുത്തുകൊടുക്കാനുള്ള ആവശ്യം നിരസിച്ചതിന് കൊച്ചു കുട്ടികളെ മര്‍ദിച്ച് വിദ്യാര്‍ത്ഥി സംഘം. അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂള്‍മൈതാനത്താണ് സ്‌കൂള്‍ കുട്ടികളുടെ ഓണത്തല്ല് നടന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മര്‍ദനത്തിന് ഇരയായി. പെണ്‍കുട്ടികളടക്കമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഫോട്ടോ എടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ചതിനായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദന മുറ.
അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെയും ഒന്നാംക്ലാസ് വിദ്യാര്‍ഥിയെയും പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു. വ്യാഴാഴ്ച വൈകീട്ട് സ്‌കൂള്‍ മൈതാനത്താണ് സംഭവം. ഇതേ സ്‌കൂളിലെ അഞ്ചിലും ഒന്നിലും പഠിക്കുന്ന സഹോദരങ്ങളും മറ്റൊരു വിദ്യാര്‍ഥിയുമടക്കം മൂന്ന് കുട്ടികളാണ് മര്‍ദ്ദനത്തിനിരയായത്. മര്‍ദനത്തിന് ഇരയായ മൂന്ന് കുട്ടികളും സ്‌കൂള്‍വിട്ട് വീട്ടില്‍ പോകാന്‍ കാത്തുനില്‍ക്കുമ്പോഴാണ് അതിക്രമം.
ഈസമയം അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഗ്രൗണ്ടിലെത്തിയശേഷം പുകവലിക്കുകയും മദ്യപിക്കുകയുംചെയ്തു. ഇവിടെയുണ്ടായിരുന്ന കുട്ടികളോട് ഫോട്ടോയെടുത്ത് നല്‍കാന്‍ സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഈ വിദ്യാര്‍ഥികളെ വടിയും മൊബൈല്‍ ഫോണും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുഖത്തുള്‍പ്പെടെ മര്‍ദ്ദനമേറ്റ കുട്ടികളെ അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷിതാക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസ് കൂട്ടാക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സമ്മര്‍ദ്ദത്തെതുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു.