കൊണ്ടോട്ടിയിലെ ഷഹാന മുംതാസിന്റെ മരണത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു; നിറത്തിന്റെ പേരിലെ അവഹേളനം സഹിക്കാന്‍ കഴിയാതെയുള്ള മരണം ഹൈക്കോടതി വിധിയുടെ പാശ്ചത്തലത്തില്‍ നടുക്കുന്നത്; പഠിക്കാന്‍ മിടുക്കിയായവള്‍ പഠനത്തില്‍ പിന്നോട്ടായപ്പോള്‍ അറിഞ്ഞത് മാനസിക പീഡനം
കൊണ്ടോട്ടിയിലെ ഷഹാന മുംതാസിന്റെ മരണത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു
മലപ്പുറം: കൊണ്ടോട്ടിയിലെ ഷഹാന മുംതാസിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെത്തുടര്‍ന്ന് തൂങ്ങിമരിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മിഷന്‍ ഡയറക്ടര്‍ക്കും സി.ഐ.ക്കും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഷഹാനയുടെ കബറടക്കം കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദില്‍ നടത്തി. ഗള്‍ഫിലുള്ള പിതാവ് ബുധനാഴ്ച പുലര്‍ച്ചെ 3.30-ന് എത്തിയശേഷം രാവിലെ 8.30-നാണ് കബറടക്കം നടന്നത്. കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ.സി. സേതുവിനാണ് അന്വേഷണച്ചുമതല. ഷഹാന ആത്മഹത്യചെയ്ത സ്വന്തം വീട്ടില്‍ ഫൊറന്‍സിക് പരിശോധന നടത്തി. പിതാവ് പാറശ്ശേരി ബഷീര്‍, മാതാവ് ഷെമീന, മറ്റു ബന്ധുക്കള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.
നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നതായും മരണം സംബന്ധിച്ച് രേഖാ മൂലം പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഷഹാന മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് നിരന്തരം കളിയാക്കുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്റെ വിവരം ഷഹാന തന്നെ നേരിട്ട് പറഞ്ഞത്. വാഹിദിന്‌റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഷഹാനയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മെയ് 27നായിരുന്നു ഷഹാനയും വാഹിദുമായുള്ള നിക്കാഹ് കഴിഞ്ഞത്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് മടങ്ങി. അതേസമയം നിറത്തിന്റെ പേരിലാണ് മുംതാസ് അവഹേളിക്കപ്പെട്ടത് എന്നത് പുതിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.
ബോബി ചെമ്മണ്ണൂര്‍ കേസിലാണ് ബോഡി ഷെയിമിങ് സംബന്ധിച്ച ഹൈക്കോടതി നിര്‍ണായക പരാമര്‍ശം അടക്കം നടത്തിയത്. സമൂഹത്തിന് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റുള്ളവരെ കുറിച്ച് പരാമര്‍ശം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടാക്കാട്ടി. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് കോടതി വിധിയില്‍ പറഞ്ഞത്. ബോഡി ഷെയിമിങിനെ കുറിച്ചു് ജാഗ്രത പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റ കൂടി പശ്ചാത്തലത്തിലാണ് ഷഹാന മുംതാസിന്റെ മരണം ചര്‍ച്ചയാകുന്നത്.