പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തിലെ ഒട്ടുകറ മോഷ്ടിച്ചു കടന്നു; കരാറെടുത്തവര്‍ പിന്തുടര്‍ന്ന് ആളെ കണ്ടെത്തി; ഷെഡില്‍ സൂക്ഷിച്ച 120 കിലോയോളം ഒട്ടുകറ മോഷ്ടിച്ച പ്രതികളില്‍ മൂന്നുപേര്‍ പിടിയില്‍
റാന്നി: പാട്ടത്തിനെടുത്ത കപ്പക്കാട് എന്ന സ്ഥലത്തെ 10 ഏക്കര്‍ റബ്ബര്‍ തോട്ടത്തിലെ ഷെഡ്ഡിന്റെ മേല്‍ക്കുര പൊളിച്ച് 120 കിലോയോളം ഒട്ടുകറ മോഷ്ടിച്ച പ്രതികളില്‍ 3 പേരെ പെരുനാട് പോലീസ് പിടികൂടി.രണ്ടാം പ്രതി ചിറ്റാര്‍ മണക്കയം നിരവത്ത് കിഴക്കേതില്‍ അഭിജിത് നായര്‍ (22), മൂന്നാം പ്രതി ചിറ്റാര്‍ താവളത്തില്‍ വീട്ടില്‍ ടി ടി ഷെമീര്‍ (34), നാലാം പ്രതി ചിറ്റാര്‍ കൊല്ലംപറമ്പില്‍ നജീബ് റഹ്‌മാന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി മണക്കയം സ്വദേശി സുകുമാരന്‍ ഒളിവിലാണ്.
മണക്കയം പറമ്പത്ത് വീട്ടില്‍ പി ജി സുരേഷ് കുമാര്‍ പാട്ടത്തിനെടുത്ത് ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സദാനന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ നിന്നാണ് മോഷ്ടാക്കള്‍ ഒട്ടുകറ കവര്‍ന്നു കാറില്‍ കടന്നത്.ഇന്നലെ രാവിലെ ആറോടെ ടാപ്പിംഗിനു ചെന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. 11 ന് രാവിലെ 10 നും വൈകിട്ട് 7 നുമിടെയിലാണ് മോഷണം നടന്നത്. ഇദ്ദേഹവും ഭാര്യ ഷോബി സുരേഷും കൂടി ചിറ്റാര്‍, വയ്യാറ്റുപുഴ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ തിരക്കിയതില്‍ 50 കിലോ ഒട്ടുപാല്‍ ഒരു കാറിലെത്തിയവര്‍ വയ്യാറ്റുപുഴയിലെ പാട്ടാരേത്ത് എന്ന മലഞ്ചരക്ക് കടയില്‍ കച്ചവടം നടത്തിയതായി വ്യാപാരിയില്‍ നിന്നും മനസ്സിലാക്കി.
തുടര്‍ന്ന്, 12 ന് പെരുനാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഷോബിയുടെ മൊഴിപ്രകാരം, പോലീസ് സ്ഥലത്ത് എത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ കണ്ട കാര്‍ നമ്പറില്‍ നിന്നും ഉടമയെ കണ്ടെത്തി ബന്ധപ്പെട്ടു. കാര്‍ ഉടമ ഷെമിറിന് വാടകയ്ക്ക് നല്‍കിയതായി അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവവരെയും മണക്കായത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു, കാറും പിടിച്ചെടുത്തു.
മൂവരെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സുകു എന്ന സുകുമാരനും കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും, വയ്യാറ്റുപുഴയിലെ കടയില്‍ കുറച്ച് വിറ്റുവെന്നും, കിട്ടിയ പണം കൊണ്ട് പരുന്തുംപാറയിലും മറ്റും കറങ്ങിയതായും വെളിപ്പെടുത്തി.
പോലീസ് അന്വേഷച്ചുവരികയാണ്. അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വയ്യാറ്റുപുഴയിലെ കടയില്‍ നിന്നും ഒട്ടുകറ കണ്ടെടുത്തു. കടയുടമ പ്രതികളെ തിരിച്ചറിഞ്ഞു. ഒളിവിലുള്ള ഒന്നാംപ്രതിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ലഭിക്കുന്നതിനു വേണ്ടി ജില്ലാ പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാളെ കൂടി അറസ്റ്റ് ചെയ്യുന്നതോടെ ബാക്കി മോഷണം മുതലുകളും കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കി. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ എ ആര്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.