ഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കം എല്ലാം ഷിബില പറഞ്ഞു; പരാതി ഗൗരവത്തിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍, അന്വേഷണം
താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍, അന്വേഷണം
കോഴിക്കോട്: താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ നടപടി. ഗ്രേഡ് എസ്‌ഐ നൗഷദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ്പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്.
യാസിറിനെതിരെ ഷിബില നല്‍കിയ പരാതി ഗൗരവത്തില്‍ എടുക്കുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഭര്‍ത്താവായ യാസിറിനെതിരേ കഴിഞ്ഞമാസം 20-ന് പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ പിതാവ് അബ്ദുല്‍ റഹ്‌മാന്‍ ആരോപിച്ചിരുന്നു.
യാസിറിനെതിരെ ഷിബില നല്‍കിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്. യാസിറില്‍ നിന്ന് ഭീഷണിയുണ്ടെന്നുകാണിച്ച് നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തത്. ഷിബിലയെ യാസിര്‍ ആക്രമിച്ചതിന് പിന്നാലെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.
ഏതെല്ലാം രീതിയില്‍ വീഴ്ചപറ്റിയെന്ന് അന്വേഷണം നടത്താനായി ഒരു മേലുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പിആര്‍ഒ കൂടിയാണ് നൗഷാദ്. യാസിറിനെതിരായ പരാതിയുമായി നൗഷാദിനെയാണ് ഷിബില സമീപിച്ചത്. ഉമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ ഷിബില അന്ന് നൗഷാദിനോട് പറഞ്ഞിരുന്നു. എങ്കിലും ഇക്കാര്യം ഗൗരവത്തിലെടുക്കാനോ യാസിറിനെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് ഷിബിലയുടെ കുടുംബം പരാതിപ്പെട്ടത്.
നൗഷാദിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് സഹായിച്ചില്ലെന്നായിരുന്നു ഷിബിലയുടെ പിതാവ് ശനിയാഴ്ച പറഞ്ഞത്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിച്ചു. പിന്നീട് യാതൊരു നടപടിയും പോലീസ് എടുത്തില്ല. നടപടി എടുത്തിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു. പോലീസിന്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി കൊടുക്കുമെന്നും പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഷിബിലയുടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകള്‍ ഷിബില(24)യെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്.