ആനന്ദ് കെ. തമ്പി ജീവനൊടുക്കുന്നതിന് തലേദിവസം ശിവസേനയില്‍ അംഗത്വമെടുത്തു; ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു; ആനന്ദിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ശിവസേന

ആനന്ദ് കെ. തമ്പി ജീവനൊടുക്കുന്നതിന് തലേദിവസം ശിവസേനയില്‍ അംഗത്വമെടുത്തു

Update: 2025-11-18 12:04 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ തലസ്ഥാനത്ത് ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയും ഒരുപോലെ പിടിച്ചുലച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ആത്മഹത്യ. കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ മനംനൊന്താണ് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവം ബിജെപിക്ക് തിരിച്ചടിയായി മാറുകയാണ്. ബി.ജെ.പി.യും ആര്‍.എസ്.എസ്സും തള്ളിപ്പറഞ്ഞ ആനന്ദ് കെ. തമ്പി, ജീവനൊടുക്കുന്നതിന് തലേദിവസ ശിവസേനയില്‍ അംഗത്വം എടുത്തിരുന്നു. ഇപ്പോഴിതാ ആനന്ദ് തമ്പിയുടെ ആത്മഹത്യയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യവുമായി ശിവസേന രംഗത്തുവന്നു.

മറ്റ് ഇടപെടല്‍ വന്നു സ്ഥാനാര്‍ഥിയെ മാറ്റാന്‍ ബിജെപി തീരുമാനിച്ചപ്പോഴാണ് സ്വതന്ത്രമായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചതെന്നും തിരുമലയിലെ സ്വകാര്യ ഹോട്ടലില്‍ കൂടിയ യോഗത്തില്‍ ആനന്ദിനെ ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആനന്ദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ശിവസേന സംഘടനാനേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. ശിവസേന (ഉദ്ധവ് ബാല്‍സാഹബ് താക്കറെയ്) യുടെ ഭാഗമായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 17 ന് വാര്‍ഡ് കണ്‍വെന്‍ഷനും തീരുമാനിച്ചിരുന്നു. ആത്മഹത്യ നടന്ന ദിവസവും ഊര്‍ജസ്വലനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മരണം നടന്ന നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിക്കണം.

മരണപ്പെട്ടത്തിന്റെ അന്നും വാ തോരാതെ കുടുംബത്തെയും പാര്‍ട്ടിയെയും കുറിച്ച് സംസാരിച്ചതാണ് അദ്ദേഹം. സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയുടെ ഭാഗമായയാള്‍ പിന്‍മാറാതിരിക്കാന്‍ മുദ്രപത്രത്തില്‍ എഴുതി തരാന്‍ ശിവസേന നേതൃത്വം ആവശ്യപ്പെട്ടു. ഇതു ആനന്ദ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ശേഷം ആനന്ദിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് ഊര്‍ജസലമായി അന്വേഷിക്കണമെന്നും പെരിങ്ങമ്മല അജി ആവശ്യപ്പെട്ടു.

തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി നവംബര്‍ 15 നായിരുന്നു ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹം ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മണല്‍ക്കടത്ത് മാഫിയയുമായി ബന്ധമുള്ള ചില പ്രാദേശിക നേതാക്കളുടെ താല്‍പര്യങ്ങള്‍ കാരണമാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതെന്നും സന്ദേശത്തില്‍ അദ്ദേഹം ആരോപിച്ചു.



Full View

എന്നാല്‍, ആനന്ദിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിട്ടില്ലെന്നും തൃക്കണ്ണാപുരം വാര്‍ഡിലെ സ്ഥാനാര്‍ഥികളുടെ പാനല്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്നും, ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് ആരോപണങ്ങള്‍.

'എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്,' എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കുടുംബജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കുറിപ്പിലുണ്ട്.

Tags:    

Similar News