പോകൂ, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ട് യുകെയില്‍ സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു; ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്തെ പാര്‍ക്കില്‍ പട്ടാപ്പകലുള്ള ആക്രമണം രണ്ടുപുരുഷന്മാര്‍ ചേര്‍ന്ന്; പ്രകോപിതരായി സിഖ് സമൂഹം; സംഭവത്തെ അപലപിച്ച് ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍
യുകെയില്‍ സിഖ് യുവതിയെ ബലാല്‍സംഗം ചെയ്തു
ലണ്ടന്‍: യുകെയില്‍ പട്ടാപ്പകല്‍ ഇരുപതുകാരിയായ സിഖ് യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് അക്രമികള്‍. ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്ത് പാര്‍ക്കില്‍ വച്ചാണ് സിഖ് യുവതി ബലാത്സംഗത്തിനും വംശീയ അധിക്ഷേപത്തിനും ഇരയായത്. 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്നു പറഞ്ഞാണ് യുവതിയെ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് ആക്രമിച്ചത്.
പ്രതികള്‍ വെള്ളക്കാരായ രണ്ട് പുരുഷന്മാരാണെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ തല മൊട്ടയടിച്ച് ഇരുണ്ട നിറമുള്ള ഷര്‍ട്ടും ഗ്ലോവുകളും ധരിച്ചിരുന്നു. മറ്റൊരാള്‍ ചാരനിറത്തിലുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. സംഭവ സ്ഥലത്തെ സിസിടിവിയോ, ഡാഷ്‌കാമോ, മൊബൈല്‍ ഫുട്ടേജോ കൈവശമുള്ളവര്‍ വിവരം നല്‍കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആക്രമണം സിഖ് സമൂഹത്തിനിടയില്‍ രോഷവും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. സമീപകാലത്തായി വംശീയ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് സമൂഹം കാണുന്നത്. ലേബര്‍ എംപി പ്രീത് കൗര്‍ ഗില്‍ ആക്രമണത്തെ അപലപിച്ചു. ' അവള്‍ ഇവിടുത്തുകാരി തന്നെയാണ്. ഓള്‍ഡ്ബറിയിലോ, ബ്രിട്ടനില്‍ എവിടെയുമോ വംശീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും സ്ഥാനമില്ല. സിഖ് സമൂഹത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താനും നീതി ഉറപ്പാക്കാനും പൊലീസുമായി സഹകരിച്ചുപ്രവര്‍ത്തിക്കും'- പ്രീത് കൗര്‍ ഗില്‍ പറഞ്ഞു.
ഒരു മാസം മുന്‍പ് വോള്‍വര്‍ഹാംപ്ടണിലെ ഒരു റെയില്‍വേ സ്റ്റേഷനു പുറത്ത് മൂന്ന് കൗമാരക്കാര്‍ രണ്ട് വയോധികരായ സിഖ് പുരുഷന്മാരെ ആക്രമിച്ചിരുന്നു. അക്രമികളില്‍ ഒരാള്‍ വയോധികരെ ആവര്‍ത്തിച്ച് ചവിട്ടുകയും മറ്റൊരാള്‍ അവരെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ വിഡിയോ വലിയ തോതിലാണ് പ്രചരിച്ചത്.