27 കാരനെ ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ശിവഗംഗയിലെ തിരുപ്പുവനത്ത് സംഭവിച്ചത് കസ്റ്റഡി കൊല തന്നെ; ദൃശ്യങ്ങള്‍ പൊളിക്കുന്നത് തമിഴ് നാട് പോലീസിന്റെ വാദം
മധുര: ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വര്‍ണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 27 കാരനെ ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പോലീസ് കസ്റ്റഡിയില്‍ മരിച്ച മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരന്‍ ബി.അജിത് കുമാറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതോടെ പോലീസ് വാദങ്ങളെല്ലാം തെറ്റെന്ന് തെളിഞ്ഞു. കസ്റ്റഡിയില്‍ അജിത് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങള്‍.
മരിച്ച അജിത് കുമാറിന്റെ ശരീരത്തില്‍ 30 ഇടത്ത് ചതവുകളുണ്ടെന്നും, ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോലീസ് വാനില്‍ വെച്ച് അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും, സ്റ്റേഷനില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അജിത് വീണു മരിച്ചുവെന്നായിരുന്നു തമിഴ് നാ് പോലീസിന്റെ വാദം. ഇതെല്ലാം പൊളിയുകയാണ്.
പോലീസ് അജിത് കുമാറിനെ തിരുവപ്പനം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ കഴിയവെ അജിത് കുമാര്‍ അബോധാവസ്ഥയിലായതായും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചതായുമാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടയിലാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഒരു സാധാരണ യുവാവിനെ തീവ്രവാദിയെപ്പോലെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു.
അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നുവെങ്കിലും ശിവഗംഗ സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ പരസ്യമായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും, സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നുമായിരുന്നു സ്റ്റാലിന്റെ പൊതുവായ പ്രതികരണം.
വെള്ളിയാഴ്ച, മധുരയില്‍ നിന്ന് മടപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ കാറില്‍ നിന്ന് 9.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. അജിത് കുമാര്‍ വീല്‍ചെയറില്‍ നിന്ന് യുവതിയുടെ അമ്മയെ ഇറങ്ങാന്‍ സഹായിക്കുകയും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഇയാളുടെ കൈയില്‍ ഇവര്‍ കാറിന്റെ താക്കോല്‍ സൂക്ഷിക്കാനായി നല്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്വര്‍ണ്ണാഭരണം മോഷണം പോയതെന്നാണ് യുവതിയുടെയും അമ്മയുടെയും മൊഴി.