ആവശ്യപ്പെട്ടത് ഉറക്ക ഗുളിക; കുറിപ്പടിയില്ലാതെ നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍; പുലര്‍ച്ചെ രണ്ട് മണിക്കെത്തിയ നാലംഗസംഘം മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്തു; ബൈക്ക് തകര്‍ത്തു; അന്വേഷണം തുടങ്ങി

ഉറക്ക ഗുളിക ആവശ്യപ്പെട്ടു; മെഡിക്കല്‍ ഷോപ്പ് ആക്രമിച്ചു

Update: 2025-03-10 14:31 GMT

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നല്‍കാത്തതിന് നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ ഷോപ്പിന് നേരെ പാതിരാത്രിയില്‍ നാല്‍വര്‍ സംഘത്തിന്റെ ആക്രമണം. കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ആശുപത്രി ജംക്ഷനു സമീപമുള്ള അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് അടിച്ചു തകര്‍ത്തത്.

മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് അക്രമണം നടത്തിയത്. ഗ്ലാഡ് വാതില്‍ കല്ലും കട്ടയും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകര്‍ത്തു.

ലഹരി ഉപയോഗിക്കുന്നവര്‍ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പരാതിയില്‍ പറയുന്നു. ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ നല്‍കരുതെന്നാണ് നിയമം. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

ജീവനക്കാരന്‍ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതിന് പിന്നാലെ തിരികെ പോയ യുവാക്കള്‍ പുലര്‍ച്ചെ 2 മണിയോടെ വീണ്ടും കടയ്ക്കടുത്തെത്തി. ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ജീവനക്കാരന്റെ ബൈക്ക് തകര്‍ത്തു. ഇതിനു ശേഷമാണ് മെഡിക്കല്‍ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ചു തകത്തത്. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളയുകയായിരുന്നു. പ്രതികളെ തിരയുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണമെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News