സോളാര്‍ ചതിക്ക് ശേഷം 'സിഎസ്ആര്‍' ചതി! മൂന്ന് പുതിയ പേരുകളില്‍ ബിജു രാധാകൃഷ്ണന്റെ രണ്ടാം വരവ്; കോടികള്‍ വാഗ്ദാനം നല്‍കി സന്നദ്ധ സംഘടനകളെ കുരുക്കാന്‍ 'മെറിഡിയന്‍'; അമൃതാനന്ദമയി മഠത്തിന്റെ പേരും വ്യാജമായി ഉപയോഗിച്ചു; ആഡംബര കാറും ക്രൈസ്തവ ചിഹ്നങ്ങളും തട്ടിപ്പിന് മറ; ജയില്‍ മോചിതനായ പ്രതിയുടെ പുതിയ വേട്ട

ബിജു രാധാകൃഷ്ണന്റെ രണ്ടാം വരവ്

Update: 2026-01-13 15:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ തട്ടിപ്പുകളുമായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് എന്നിങ്ങനെയുള്ള പുതിയ പേരുകളില്‍ വന്‍ തട്ടിപ്പുകള്‍ നടത്തി നിരവധി പേരെ ഇയാള്‍ വഞ്ചിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂസ് 18 ചാനലാണ് ഇതുപുറത്തുവിട്ടത്.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്ത സോളാര്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതിയായിരുന്നു ബിജു രാധാകൃഷ്ണന്‍. ആര്‍.ബി. നായര്‍ എന്ന വ്യാജപ്പേരിലും സ്വന്തം പേരായ ബിജു രാധാകൃഷ്ണന്‍ എന്ന പേരിലുമായിരുന്നു അന്ന് ഇയാള്‍ തട്ടിപ്പുകള്‍ക്ക് കളമൊരുക്കിയത്.

ഇപ്പോള്‍ വിവിധ വ്യാജപ്പേരുകളില്‍ ഇരകളെ വീഴ്ത്തുന്ന പുതിയ തട്ടിപ്പ് ശൃംഖലയിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് തുടങ്ങിയ പേരുകളാണ് ഇയാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

കൊച്ചി കാക്കനാട് കേന്ദ്രമായി 'മെറിഡിയന്‍' എന്ന സ്ഥാപനം തുടങ്ങി സന്നദ്ധ സംഘടനകളെയും ട്രസ്റ്റുകളെയും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ വേട്ട. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (CSR) വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുക്കുകയാണ് ബിജു രാധാകൃഷ്ണന്‍.

15 വര്‍ഷത്തെ യു.കെ ജീവിതം അവസാനിപ്പിച്ച് മടങ്ങി വന്നതാണെന്നും സഹോദരിയും കുടുംബവും ബാങ്ക്, ഇന്‍കം ടാക്‌സ് എന്നീ വകുപ്പുകളില്‍ ഉന്നത ഉദ്യോഗസ്ഥരാണെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. വിശ്വാസ്യത ഉറപ്പിക്കാന്‍ ഓഫീസില്‍ ക്രൈസ്തവ ചിഹ്നങ്ങള്‍ നിരത്തിയും, തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകയുടെ ആഡംബര കാര്‍ ഉപയോഗിച്ചുമാണ് ഇയാള്‍ വിശ്വസ്തനായ ബിസിനസുകാരനായി വേഷം കെട്ടുന്നത്.

തിരുവനന്തപുരത്തെ ഒരു സന്നദ്ധ സംഘടനയ്ക്ക് ആയിരം കോടിയുടെ ജൈവകൃഷി പദ്ധതിക്കായി 1500 കോടി രൂപയുടെ സി.എസ്.ആര്‍ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ഫണ്ടായി ലഭിക്കുന്ന പണത്തിന്റെ 60 ശതമാനം മാത്രം പദ്ധതിക്കായി ചെലവാക്കിയാല്‍ മതിയെന്നും ബാക്കി തുക ട്രസ്റ്റിനും തനിക്കും പങ്കിട്ടെടുക്കാമെന്നുമുള്ള വാഗ്ദാനമാണ് ബിജു മുന്നോട്ട് വെക്കുന്നത്. അമൃതാനന്ദമയി മഠത്തിന്റെ ആശുപത്രികളും രാജ്യത്തെ നിരവധി മെഡിക്കല്‍ കോളേജുകളും തന്റെ ഫണ്ടിലാണ് സ്ഥാപിച്ചതെന്ന പച്ചക്കള്ളവും ഇയാള്‍ തട്ടിപ്പിനായി എഴുന്നള്ളിക്കുന്നു.

കേന്ദ്ര സര്‍ക്കാരിലെ ഉന്നത നേതാക്കളുമായും ബിജെപി നേതൃത്വവുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. കര്‍ണാടകയില്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്നുവെന്നും ലിറ്ററിന് 1500 രൂപ നിരക്കില്‍ വിദേശത്തേക്ക് ഗോമൂത്രം കയറ്റി അയക്കുന്ന ഗോശാല നടത്തുന്നുവെന്നും ബിജു അവകാശപ്പെടുന്നു. ആദിവാസി മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നതും ആദിവാസി മേഖലയില്‍ നിന്നും ഐ.എ.എസ് നേടിയവര്‍ക്ക് ജോലി വാങ്ങി നല്‍കിയതും താനാണെന്നും ഇയാള്‍ വിശ്വസിപ്പിക്കുന്നു. സോളാര്‍ കേസിലും ഭാര്യയെ കൊലപ്പെടുത്തിയ കേസിലും വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച ബിജു രാധാകൃഷ്ണന്‍ കൂടുതല്‍ കരുതലോടെ പുതിയ ഇരകളെ തേടുകയാണെന്നാണ് വ്യക്തമാകുന്നത്.

Tags:    

Similar News